ഇന്ത്യയിലെ ഈ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍; സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ജയ്ഷെ മൂഹമ്മദ് ഭീകരര്‍. പാകിസ്ഥാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ജയ്ഷെ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.
ചാവേര്‍ ബോംബാക്രമണ പദ്ധതിയാണ് ഐഎസ്‌ഐ ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചനകള്‍. ജമ്മുവിലെ രജൗറി, പാക് അധീന കശ്മീര്‍ എന്നീ സ്ഥലങ്ങളിലൂടെ നുഴഞ്ഞു കയറാനാണ് തെഹ്രീക് ഇ- താലിബാന്‍ അഥവാ ജെയ്‌ഷെ ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നത്. നുഴഞ്ഞു കയറ്റ ശ്രമത്തെ സഹായിക്കുവാനായി ഇവിടങ്ങളില്‍ പാകിസ്ഥാന്‍ ആര്‍മി ലോഞ്ച് പാഡുകള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് സൂചനകള്‍.
അമൃത്സര്‍, പത്താന്‍കോട്ട്, മുംബൈ സിഎസ്ടി, ഗുജറാത്തിലെ കച്ച് ഏരിയ എന്നിവിടങ്ങളിലാണ് ചാവേര്‍ ബോംബാക്രമണത്തിന് പദ്ധതിയിട്ടത്. ഇന്ത്യയിലെ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പാക് ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നതായുള്ള സൂചനകള്‍ ലഭിച്ചത്. റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളങ്ങള്‍, ബസ് സ്റ്റേഷനുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, എംബസികള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളാണ് ഭീകരര്‍ ആക്രമണത്തിനായി ലക്ഷ്യമിടുന്നത്. അതേസമയം സെലിബ്രിറ്റികള്‍, സിനിമാ താരങ്ങള്‍ എന്നിവരേയും ഭീകരര്‍ നോട്ടമിടുന്നുണ്ടെന്നാണ് വിവരം.