സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിന് സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായി നിയമനം
തിരുവനന്തപുരം: സസ്‌പെന്‍ഷനിലായിരുന്ന ഡിജിപി ജേക്കബ് തോമസിന് സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡി ആയി നിയമനം. ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടതായാണു സൂചന. ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും യോഗ്യതക്കു തുല്യമായ പദവി നല്‍കണമെന്നും സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിന്നു. കഴിഞ്ഞ മാസം അവസാനം ആഭ്യന്തരവകുപ്പ് ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഫയല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചത്.
സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ നിര്‍ണായക ഉത്തരവുണ്ടായത്. സര്‍ക്കാര്‍ വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണ് എന്നതടക്കമുള്ള ജേക്കബ് തോമസിന്റെ വാദങ്ങളെല്ലാം ട്രൈബ്യൂണല്‍ ശരിവച്ചിരുന്നു. അതോടൊപ്പം തന്നെ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഡി.ജി.പിയായ തന്നെ കേഡര്‍ തസ്തികയില്‍ നിയമിക്കണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു.
രണ്ടു വര്‍ഷമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായിരുന്നു. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം പലഘട്ടങ്ങളായി സ്‌പെന്‍ഷന്‍ കാലാവധി നീട്ടുകയായിരുന്നു.