അറിയാത്തതാണോ, അതോ അഹങ്കാരമാണോ? ബെഹ്‌റക്കെതിരെ ഒളിയമ്പുമായി ജേക്കബ് തോമസ്
തിരുവനന്തപുരം: ആംഡ് പോലീസ് ബറ്റാലിയനില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും നഷ്ടപ്പെട്ടെന്ന സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറയ്‌ക്കെതിരേ ഒളിയമ്പുമായി ഡിജിപി ജേക്കബ് തോമസ്. എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്ന് കേരളത്തില്‍ വന്ന മോഷ്ടാക്കള്‍ക്ക് അറിയാത്തതാണോ, അതോ അഹങ്കാരമാണോ എന്നാണ് ജേക്കബ് തോമസിന്റെ ചോദ്യം. തിരുവനന്തപുരം ആംഡ് പോലീസ് ബറ്റാലിയനില്‍ (എസ്എപിബി) 25 എണ്ണം 5.56 എംഎം ഇന്‍സാസ് റൈഫിളുകളും 12,061 കാട്രിജുകളും കുറവാണെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. ആയുധശേഖരത്തിലുള്ള കുറവ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നെന്നും ഇതു സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
തിരുവനന്തപുരം ആംഡ് പോലീസ് ബറ്റാലിയനില്‍ ആയുധങ്ങളുമായി ബന്ധപ്പെട്ടുള്ള സ്റ്റോക് രജിസ്റ്റര്‍ ശരിയായ രീതിയിലല്ല സൂക്ഷിച്ചിരിക്കുന്നത്. ഈ രജിസ്റ്ററിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനും എസ്എപി കമന്‍ഡാന്റും രജിസ്റ്റര്‍ ആഴ്ചയിലൊരിക്കല്‍ കൃത്യമായി പരിശോധിക്കണമെന്നാണു ചട്ടം. ആയുധങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററില്‍ മേലെഴുത്തുകള്‍, വെള്ളനിറത്തിലുള്ള തിരുത്തല്‍ മഷിയുടെ ഉപയോഗം, എന്‍ട്രികളുടെ വെട്ടിക്കളയല്‍ എന്നിവ കണ്ടെത്തിയതായും സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.