ജേക്കബ് തോമസിനെ ‘പൂട്ടി’ സംസ്ഥാന സര്‍ക്കാര്‍; സ്വയം വിരമിക്കല്‍ നടക്കില്ല
തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിന്റെ സ്വയം വിരമിക്കലിനുള്ള വഴികളടച്ച് സംസ്ഥാന സര്‍ക്കാര്‍. സ്വയം വിരമിക്കാന്‍ അനുവദിക്കില്ലെന്നറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനെ വിരമിക്കാന്‍ അനുവദിക്കാനാകില്ല എന്ന് കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് കേരള സര്‍ക്കാരിനെ സമീപിച്ചിരുന്നു.
ഇത് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം കേന്ദ്രത്തെ സമീപിച്ചത്. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സ്വയം വിരമിക്കലിന് ശ്രമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നത്. എന്നാല്‍ ഈ അപേക്ഷ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നു മാത്രമല്ല സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിന്റെ ചട്ടലംഘനങ്ങളും അദ്ദേഹത്തിന് ഇതുവരെ സംഭവിച്ച വീഴ്ചകളുമെല്ലാം അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും പ്രളയത്തിന്റെ സമയത്തും സര്‍ക്കാരിനെ ജേക്കബ് തോമസ് തോമസ് വിമര്‍ശിച്ചതും സര്‍ക്കാരില്‍ നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങാതെ സര്‍വീസ് സ്റ്റോറി എഴുതി പ്രസിദ്ധീകരിച്ചതുമെല്ലാം സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഇതെല്ലാം ഗുരുതര ചട്ടലംഘനമായാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.