EntertainmentKeralaNews

സിനിമയിൽ സോപ്പിട്ടു നിൽക്കുന്നതാണ് നല്ലത്: അനാർക്കലി മരിക്കാർ

കൊച്ചി:പെരുന്നാൾ പടമായി തിയറ്ററുകളിലെത്തും മുൻപേ ഓളം സൃഷ്ടിച്ച സിനിമയാണ് ‘സുലൈഖ മൻസിൽ’. ‘ജിൽ ജിൽ ജിൽ’ എന്ന പാട്ടിനു ചുവടുവച്ച് സോഷ്യൽ മീഡിയ ആഘോഷിച്ച സിനിമയിലെ നായിക, അനാർക്കലി മരിക്കാർ, ‘ആനന്ദ’ത്തിലെ ദർശനയിൽനിന്ന് ഒരുപാട് മാറിയിരിക്കുന്നു. ചിന്തകളിലും സംസാരത്തിലും എല്ലാം ആ മാറ്റം പ്രകടവുമാണ്. അനാർക്കലി മരിക്കാർ സംസാരിക്കുന്നു:

ജിൽ ജിൽ ജിൽ മാത്രമല്ല, സുലൈഖ മൻസിൽ എന്ന സിനിമയും വളരെ യാദൃച്ഛികമായി സംഭവിച്ചതാണ്. എല്ലാം ഫിക്സ് ചെയ്ത് കഴിഞ്ഞാണ് ഡാൻസിന്റെ കാര്യം പറയുന്നതു തന്നെ. എങ്ങനെയാണ് എന്നെ വിശ്വസിച്ച് ഇത് ഏൽപിച്ചത് എന്നെനിക്കറിയില്ല. പക്ഷേ ഞാൻ ഒട്ടും ടെൻഷൻ ഇല്ലാതെ ചെയ്ത സിനിമയാണ് ഇത്. ജിൽ ജിൽ ജില്ലിൽ കുറേ സിംഗിൾ ഷോട്ട് ആയിരുന്നു. പിന്നെ കട്ട് ചെയ്ത് പോയതാണ് കുറേ ഭാഗങ്ങൾ.

എന്റേതായ ഒരു സിനിമാ കണ്ടന്റ് വരുന്നത് കുറേ നാളുകൾക്കു ശേഷമാണ്. ശരിക്കും ലോ ആയി ഇരിക്കുകയായിരുന്നു ഞാൻ. അപ്പോഴിതാ സിനിമ വന്നു. എന്റെ പാട്ട് നല്ലതാണെന്നു പറഞ്ഞിരുന്നവർ ഡാൻസും കൊള്ളാം എന്നു പറയുന്നു. എന്റെ ആത്മവിശ്വാസം കൂടി. നമ്മളൊന്നുമല്ല എന്ന തോന്നലൊക്കെ മാറി. ഇൻസ്റ്റഗ്രാമിൽ മാത്രം ഒതുങ്ങിപ്പോയി എന്ന ചിന്തയൊന്നും ഇപ്പോഴില്ല.

എല്ലാം തുറന്നു സംസാരിച്ചിരുന്ന ആളാണ് ഞാൻ. ഞാൻ വളർന്നുവന്ന സാഹചര്യം അങ്ങനെയാണ്. ഓപ്പൺ ആയി സംസാരിക്കാൻ പറ്റുന്ന സ്പേസിൽ വളർന്നതുകൊണ്ട് ഇന്റർവ്യൂസിലും ഞാൻ അങ്ങനെത്തന്നെ ചെയ്തു. അതുപക്ഷേ വേണ്ടിയിരുന്നില്ല എന്നിപ്പോൾ തോന്നുന്നു. ആളുകൾ അത് ആസ്വദിച്ചിരുന്നു എന്നെനിക്കറിയാം പക്ഷേ വായിൽ തോന്നുന്നതൊക്കെ പറയേണ്ട ആവശ്യമില്ല. തീരെ ഫിൽറ്റേർഡ് അല്ലാതെ സംസാരിക്കേണ്ട കാര്യവുമില്ല. ഇതൊക്കെ ഇപ്പോൾ മനസ്സിലാക്കുന്നുണ്ട്.

സിനിമയിൽ മാത്രമല്ല, എല്ലാ മേഖലകളിലും സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. എനിക്കിതു വരെ പ്രശ്നങ്ങളുണ്ടായിട്ടില്ല. ഞാൻ നേരിട്ടിട്ടുള്ള ഒരേയൊരു പ്രശ്നം കിട്ടുന്ന സൗകര്യങ്ങൾ കുറവാണ് എന്നുള്ളതാണ്. നമ്മളൊക്കെ ചെറിയ ആർടിസ്റ്റുകൾ അല്ലേ, ചെറിയ ആര്‍ടിസ്റ്റുകൾക്ക് സെറ്റിലൊക്കെ കിട്ടുന്ന വില ഭയങ്കര കുറവാണ്. കാരവൻ വേണമെന്നല്ല പറയുന്നത്, ഇപ്പോ ചൂടാണെങ്കിൽ ഒരു കസേര വലിച്ചിട്ട് ഇരിക്കും. പക്ഷേ നമ്മുടെ സമയത്തിനും വിലയുണ്ട്. ചെറിയ ആർടിസ്റ്റായതുകൊണ്ട് എത്ര വേണമെങ്കിലും പോസ്റ്റ് ആക്കാം എന്ന ചിന്ത ശരിയല്ല. എല്ലാവർക്കും തുല്യ പരിഗണന നൽകണം.

അതുപോലെ സിനിമയിൽ കുറച്ചൊക്കെ ഡിപ്ലോമാറ്റിക്ക് ആയി നിൽക്കണം. എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ ഭയങ്കര ക്രിട്ടിക്ക് ആകേണ്ട. നന്നായാലും അതുപോലെ തന്നെ. അതായത് സോപ്പിട്ടു നിൽക്കുന്നതാണ് നല്ലത്.

എന്റെ ഡ്രസ്സിന്റെ അളവിനെ കുറ്റം പറഞ്ഞാൽ അതെന്നെ ബാധിക്കാറില്ല. പക്ഷേ വൾഗറായി തോന്നി എന്നു പറഞ്ഞാൽ ബാധിക്കാറുണ്ട്. അതുപോലെ സെക്സി ഡ്രസ്സിട്ടാൽ ഫോളോവേഴ്സ് കുറയും. അതുകൊണ്ട് ഇപ്പോൾ ഇടാറില്ല. നമുക്ക് ഫോളോവേഴ്സ് അല്ലേ മുഖ്യം, പിന്നെ എന്തിനാ വെറുതെ?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker