മലയാളത്തില്‍ ഏറെ പ്രതീക്ഷയോടെ വന്ന ചിത്രമായിരുന്നു മരക്കാര്‍-അറബിക്കടലിന്റെ സിംഹം. എന്നാല്‍ തിയേറ്ററില്‍ വേണ്ടത്ര പ്രകടനം നടത്താന്‍ ചിത്രത്തിനായിരുന്നില്ല. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമയായിരുന്നു ഇത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങിയ ഈ ചിത്രം ആന്റണി പെരുമ്പാവൂര്‍-സന്തോഷ് ടി കുരുവിള-കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.
ഇപ്പോഴിതാ ഈ ചിത്രത്തിന് വരാന്‍ പോകുന്ന നഷ്ടം വളരെ മുന്‍പ് തന്നെ കണക്കാക്കിയിരുന്നു എന്ന് പറയുകയാണ് സന്തോഷ് ടി കുരുവിള. ആന്റണി പെരുമ്പാവൂരുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇക്കാര്യം സംസാരിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീലവെളിച്ചം സിനിമയുമായ ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”നീലവെളിച്ചം എന്ന സിനിമ ഞാനും ആഷിഖും ഒരുമിച്ച് ചെയ്യാനിരുന്നതാണ്. ആദ്യം അതിന്റെ പൈസയൊക്കെ മുടക്കിയത് ഞാനാണ്. ആ സിനിമ തുടങ്ങുന്ന സമയത്ത് ഞാന്‍ അതില്‍ നിന്ന് പിന്മാറി. ഞാനും ആഷിഖും തമ്മില്‍ ഇപ്പോഴും വളരെ നല്ല ബന്ധമാണ്. ഇടക്ക് മെസേജുകള്‍ അയയ്ക്കാറുണ്ട്, ഒരു പിണക്കവുമില്ല. ഒപിഎം ഡ്രീംസ് എന്നുള്ളത് ഞാനും ആഷിഖും കൂടിയുള്ളതാണ്.
അതില്‍ ആഷിഖിന്റെ ഷെയര്‍ കൂടി ഞാന്‍ വാങ്ങി. ഒപിഎം ഡ്രീംസില്‍ ആണ് മഹേഷിന്റെ പ്രതികാരം, മായാനദി പോലുള്ള സിനിമകള്‍ വന്നത്. ഒപിഎം സിനിമാസ് ആണ് ആഷിഖിന്റേത്. നീലവെളിച്ചത്തില്‍ പ്രതീക്ഷ വളരെ കുറവായിരുന്നു. ഞാനും ആഷിഖും ഒരുമിച്ചാണ് ഗുഡ്നൈറ്റ് മോഹന്‍ ചേട്ടന്റെ അടുത്ത് നിന്ന് അതിന്റെ റൈറ്റ് വാങ്ങുന്നത്. ഏകദേശം 35-40 ലക്ഷം രൂപ കൊടുത്താണ് അതിന്റെ റൈറ്റ് വാങ്ങുന്നത്.
ഗുഡ്നൈറ്റ് മോഹന്‍ ചേട്ടന് ഭയങ്കര പ്രതീക്ഷയുള്ള ചിത്രമായിരുന്നു ഭാര്‍ഗവീനിലയം രണ്ടാം പാര്‍ട്ട്. പക്ഷെ എന്തോ ഒരു തോന്നല്‍ എന്റെ മനസില്‍. സിനിമ പരാജയപ്പെടും എന്ന് വിചാരിച്ച് മാറിയതല്ല. അതില്‍ കൂടുതല്‍ നഷ്ടപ്പെട്ട സിനിമകള്‍ ഉണ്ട്. ഞാന്‍ എപ്പോഴും കാല്‍ക്കുലേറ്റഡ് റിസ്‌ക് എടുക്കുന്ന ഒരാളാണ്. ബിസിനസിലായാലും അതെ. ഒരു ബിസിനസ് തുടങ്ങി പരാജയപ്പെട്ടാല്‍ ഞാന്‍ വഴിയിലാകില്ല.
എന്റെ കുടുംബം വഴിയിലാകില്ല എന്നുള്ള രീതിയില്‍ കാല്‍ക്കുലേറ്റഡ് റിസ്‌ക് എടുക്കുന്ന ആളാണ്. കുഞ്ഞാലി മരക്കാര്‍ ഞാനും ആന്റണി ചേട്ടനും കൂടി ആദ്യം എടുക്കാനിരുന്നപ്പോള്‍ ചിന്തിച്ചത് 45 കോടി രൂപയുടെ നഷ്ടമാണ്. സിനിമയെടുക്കുന്നതിന് മുന്‍പ്. പുള്ളി ചോദിച്ചു ചേട്ടന്‍ അതിന്റെ ഭാഗമെടുക്കാന്‍ തയ്യാറാണോ എന്ന്. എല്ലാ പടത്തിന്റെ കാര്യത്തിലും അങ്ങനെയാണ്. നഷ്ടം എത്രവരെ വരാം എന്ന് ആദ്യം തന്നെ കാല്‍ക്കുലേറ്റ് ചെയ്യും.
ഇതൊന്നും ദൈവീകമല്ലല്ലോ. ലാലേട്ടന്‍ തൂങ്ങി കിടന്ന് അയ്യോ എന്ന് വിളിച്ചത് അദ്ദേഹത്തിന്റെ ഫാന്‍സിന് ഒട്ടും സഹിച്ചിട്ടില്ല. അത് നമുക്ക് നേരത്തെ അറിയാമായിരുന്നെങ്കില്‍ അതൊഴിവാക്കിയേനെ. കൈപിടിച്ച് മറ്റേ ആള്‍ കയറ്റിയത് ഫാന്‍സിന് ഇഷ്ടപ്പെട്ടില്ല. ഇതൊന്നും നമുക്ക് മുന്‍കൂട്ടി കാണാനാകില്ല.”