InternationalNews

അൽ ഷിഫ ആശുപത്രി വളഞ്ഞ് ഇസ്രയേൽ, സഹായത്തിനായി വിലപിച്ച്‌ ഡോക്ടർമാർ

ഗാസ: ഗാസ സിറ്റിയിലെ പ്രധാന ആശുപത്രി വളഞ്ഞ് ഇസ്രയേൽ സേന. അൽ ഷിഫ ആശുപത്രിയുടെ കവാടത്തിനു മുന്നിൽ ഇസ്രയേൽ ടാങ്കുകകൾ അണിനിരന്നതായാണു വിവരം. വൈദ്യുതി വിച്ഛേദിച്ചതിനാൽ ഇന്ധനക്കുറവു മൂലം നവജാത ശിശുക്കൾ ഉൾപ്പെടെ ഇവിടെ മരിച്ചു വീഴുകയാണെന്ന് ആശുപത്രി അധികൃതർ പറയുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ധനം തീർന്നതിനെ തുടർന്നു വൈദ്യുതി പൂർണമായും നിലച്ച ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രണ്ടു കുട്ടികൾ കഴിഞ്ഞദിവസം മരിച്ചിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മൂന്നു കുഞ്ഞങ്ങൾ ഉൾപ്പെടെ 32 രോഗികളാണ് ഇവിടെ മരിച്ചതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

1500 രോഗികളിൽ 500 പേരൊഴികെ ഒഴിഞ്ഞുപോയതായും റിപ്പോർട്ടുണ്ട്. 650 പേരോളം ഇപ്പോഴും ആശുപത്രിയിലുണ്ടെന്നും റെഡ് ക്രോസോ മറ്റേതെങ്കിലും സംവിധാനങ്ങളോ എത്തുന്നതുവരെ  ഇവർ ആശപത്രിയിൽ തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. അൽ ഷിഫ ആശുപത്രിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

ഹമാസിന് സഹായമൊരുക്കുന്ന കേന്ദ്രമായാണ് ആശുപത്രി പ്രവർത്തിക്കുന്നതെന്നും രോഗികളെ ഹമാസ് കവചമാക്കുകയാണെന്നുമാണ് ഇസ്രയേൽ ആരോപിക്കുന്നത്. എന്നാൽ ഹമാസ് ഈ ആരോപണം നിഷേധിച്ചു. ‘‘ടാങ്കുകളെല്ലാം ആശുപത്രിയുടെ മുന്നിലുണ്ട്. ഞങ്ങളെ പൂർണമായും വളഞ്ഞിരിക്കുകയാണ്. ഇതു തീർത്തും സാധാരണക്കാരുടെ പ്രദേശമാണ്. ആശുപത്രി അധികൃതരും  രോഗികളും, ഡോക്ടർമാരും മാത്രമാണ് ഇവിടെയുള്ളത്. ആരെങ്കിലും ഇതൊന്ന് നിർത്തൂ’’ –  ആശുപത്രിയിലെ സർജൻ ഡോ.അഹമ്മദ് അൽ മൊഖല്ലാലാതി പൊട്ടിക്കരഞ്ഞുകൊണ്ട് ഫോണിലൂടെ പറഞ്ഞു. 

വാട്ടർ ടാങ്കുകളും മറ്റു ജല സ്ത്രോതസ്സുകളും ഓക്സിജൻ പമ്പുകളുമെല്ലാം ബോംബിട്ട് നശിപ്പിച്ചെന്നും ഇവിടെയുള്ളവർ വളരെയധികം കഷ്ടപ്പെട്ടാണ് നിൽക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു. രോഗികൾക്ക് ആശുപത്രി തീരെ സുരക്ഷിതമല്ലാത്ത ഇടമായി മാറിയെന്നും അറിയിച്ചു.

ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചർച്ച കഴിഞ്ഞ ദിവസം സജീവമായിരുന്നെങ്കിലും ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചയിൽനിന്നു പിന്മാറിയതായി ഹമാസ് അറിയിച്ചു. ഗാസയിലേക്കു കൂടുതൽ സഹായം എത്തിക്കണമെന്നും ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നും ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തിരുന്നു. അതേസമയം, ഗാസയ്ക്ക് പുറത്തേക്ക് യുദ്ധം വ്യാപിക്കുമെന്ന് ആശങ്കയും ശക്തമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button