‘അവളെ ഐ.പി.എസുകാരിയാക്കും’ കൊലക്കേസ് പ്രതിയുടെ മകളെ ദത്തെടുത്ത് പോലീസ് ഉദ്യോഗസ്ഥന്‍
ലഖ്നൗ: കൊലക്കേസ് പ്രതിയുടെ മകളെ ദത്തെടുത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍. സ്ത്രീകളെയും കുട്ടികളെയും ബന്ദിയാക്കിയതിന്റെ പേരില്‍ പോലീസ് വെടിവച്ച് കൊന്ന സുഭാഷ് ബദ്ദാം എന്നയാളുടെ ഒന്നര വയസ്സുകാരി മകളെയാണ് കാണ്‍പൂര്‍ മേഖലയിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ മോഹിത് അഗര്‍വാള്‍ ദത്തെടുക്കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നത്.
മകളുടെ പിറന്നാള്‍ ആഘോഷത്തിന് എത്തിയ സ്ത്രീകളെയും കുട്ടികളെയുമാണ് സുഭാഷ് തോക്ക് ചൂണ്ടി ബന്ദികളാക്കിയത്. ഉത്തര്‍പ്രദേശിലെ കതാരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. തുടര്‍ന്ന് ഇതിനെതിരെ പ്രതികരിച്ച നാട്ടുകാര്‍ ഇയാളുടെ ഭാര്യയെ തല്ലിക്കൊന്നിരുന്നു. സംഭവം നടന്നയുടന്‍ സ്ഥലത്ത് യുപി ഭീകര വിരുദ്ധ സേന എത്തുകയും പത്ത് മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ പോലീസിന്റെയും കമാന്‍ഡോകളുടെയും നേതൃത്വത്തില്‍ ഇയാളെ വധിച്ച് ബന്ദികളെ മോചിപ്പിക്കുകയുമായിരുന്നു.
അതേസമയം, ദത്തെടുത്ത പെണ്‍കുഞ്ഞിനെ തന്നെപ്പോലെ ഒരു ഐപിഎസ് ഉദ്യോഗസ്ഥയാക്കാനാണ് തന്റെ ആഗ്രഹമെന്നാണ് ഇന്‍സ്പെക്ടര്‍ ജനറല്‍ മോഹിത് അഗര്‍വാള്‍ പറഞ്ഞു. ഗൗരിയുടെ വിദ്യാഭ്യാസ ചെലവുകള്‍ ഉള്‍പ്പെടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മോഹിത് അറിയിച്ചു.