കൊച്ചി: റെക്കോഡ് തുകയ്ക്ക് സാം കറനെ സ്വന്തമാക്കി പഞ്ചാബ്. 18.50 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിനെ 17.50 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും ഇംഗ്ലീഷ് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സിനെ 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സും സ്വന്തമാക്കി.
ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന് കോളടിച്ചു. താരത്തിനെ 13.25 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. ബ്രൂക്കിനെകൂടാതെ മായങ്ക് അഗര്‍വാളിനെയും സണ്‍റൈസേഴ്‌സ് ടീമിലെടുത്തു. 8.25 കോടിരൂപയാണ് താരത്തിന്റെ വില. മുന്‍ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്ന്‍ വില്യംസണെ ഗുജറാത്ത് ടൈറ്റന്‍സ് അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് സ്വന്തമാക്കി. അജിങ്ക്യ രഹാനെയെ (50 ലക്ഷം) ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ചു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും (42.25 കോടി) പഞ്ചാബ് കിങ്‌സിനെയും (32.20 കോടി), ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റു ടീമുകള്‍ക്ക് 20-23 കോടിയോ അതില്‍ താഴെയോ ആണ് കൈയിലുള്ളത്. വിദേശസൂപ്പര്‍താരങ്ങള്‍ക്ക് പിന്നാലെപോയി കോടികള്‍ തീര്‍ക്കുന്നതിനേക്കാള്‍ ആഭ്യന്തരക്രിക്കറ്റിലെ മികവുതേടുന്നതിനായിരിക്കും ഈ ടീമുകള്‍ മുന്‍ഗണന നല്‍കുകയെന്നാണ് സൂചന.
പത്ത് കേരളതാരങ്ങളാണ് മിനിലേലത്തിന് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. ബാറ്റര്‍മാരായ സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്, ഷോണ്‍ റോജര്‍, പി.എ. അബ്ദുല്‍ ബാസിത്ത് എന്നിവരും ബൗളര്‍മാരായ കെ.എം. ആസിഫ്, ബേസില്‍ തമ്പി, എസ്. മിഥുന്‍, വൈശാഖ് ചന്ദ്രന്‍ എന്നിവരുമാണ് ലേലത്തിനുള്ളത്. ഓപ്പണിങ് ബാറ്ററായ രോഹന്‍ സമീപകാലത്ത് ഗംഭീര ഫോമിലാണ്. കഴിഞ്ഞ രഞ്ജിസീസണിലും ദുലീപ് ട്രോഫിയിലും തിളങ്ങിയ രോഹനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും രംഗത്തിറങ്ങുമെന്നാണ് സൂചന. ഇന്ത്യക്കാരനായ ഓപ്പണിങ് ബാറ്ററുടെ അഭാവം കൊല്‍ക്കത്തയ്ക്കുണ്ട്. ഇതാണ് രോഹന് അനുകൂലമാകുന്ന ഘടകം. രാജസ്ഥാനും ചെന്നൈയും ഇന്ത്യന്‍ ബാറ്റര്‍മാരെ തേടുന്നുണ്ട്.
വിക്കറ്റ് കീപ്പിങ് ബാറ്ററര്‍മാരായ വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും ലേത്തില്‍ വിറ്റുപോവാന്‍ സാധ്യതയേറെയുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് അടക്കമുള്ള ടീമുകള്‍ ഇന്ത്യന്‍ ബാക്കപ്പ് കീപ്പര്‍ക്കായി വലവീശും. വെടിക്കെട്ട് ബാറ്ററും ഓഫ്‌സ്പിന്നറുമായ പി.എ. അബ്ദുല്‍ ബാസിത് ചെന്നൈ, മുംബൈ, രാജസ്ഥാന്‍, ഹൈദരാബാദ് ടീമുകളുടെ ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റിലെ പ്രകടനമാണ് ബാസിത്തിനെ ട്രയല്‍സിലെത്തിച്ചത്. ഫിനിഷറുടെ റോള്‍ കൈകാര്യംചെയ്യുന്നതിനൊപ്പം പാര്‍ട്ട്ടൈം ബൗളറായും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് ബാസിത്. ആഭ്യന്തരക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന സച്ചിന്‍ ബേബിയും അണ്ടര്‍-19 ഇന്ത്യന്‍ ടീമില്‍കളിച്ച ഷോണ്‍ റോജറും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
പേസര്‍മാരായ കെ.എം. ആസിഫ്, ബേസില്‍ തമ്പി എന്നിവര്‍ ഐ.പി.എലില്‍ പരിചയസമ്പന്നരാണ്. ഇന്ത്യന്‍ പേസര്‍മാരായതുകൊണ്ട് ലേലത്തില്‍ ഇരുവരും തിളങ്ങാന്‍ സാധ്യതയേറെ. സ്പിന്നര്‍മാരായ വൈശാഖ് ചന്ദ്രനും മിഥുനുമാണ് ലേലത്തിലുള്ള മറ്റുമലയാളികള്‍. സമീപകാലത്തെ പ്രകടനം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.