മറുനാടന്‍ മലയാളികള്‍ക്ക് ഇനി അതത് സംസ്ഥാനങ്ങളില്‍ റേഷന്‍ വാങ്ങാം,ഇന്റര്‍സ്റ്റേറ്റ് പോര്‍ട്ടബിലിറ്റി നിലവില്‍ വന്നു
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുളള 12 സംസ്ഥാനങ്ങളില്‍ റേഷന്‍ കാര്‍ഡുകളുടെ ഇന്റര്‍സ്റ്റേറ്റ് പോര്‍ട്ടബിലിറ്റി നിലവില്‍ വന്നതായി ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാണ, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളെ ഒരു ക്ലസ്റ്ററാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 12 സംസ്ഥാനങ്ങളിലേയും എ.എ.വൈ, മുന്‍ഗണന കാര്‍ഡുകള്‍ക്ക് ഏത് സംസ്ഥാനത്തുനിന്നും റേഷന്‍ വാങ്ങാം. ആധാര്‍ അടിസ്ഥാനമാക്കിയുളള ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം വഴിയാണ് ഉപഭോക്താക്കളെ കണ്ടെത്തുന്നത്. ഇതിനാവശ്യമായ സാങ്കേതിക സംവിധാനം എല്ലാ സംസ്ഥാനങ്ങളിലേയും ഇ-പോസ് മെഷീനുകളില്‍ അപ്ഡേറ്റ് ചെയ്തു തുടങ്ങി. ഇതര സംസ്ഥാനങ്ങളിലെ മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ക്ക് അരി മൂന്ന് രൂപ നിരക്കിലും, ഗോതമ്പ് രണ്ട് രൂപ നിരക്കിലും ആളൊന്നിന് അഞ്ച് കിലോഗ്രാം എന്ന കണക്കിലാണ് വിതരണം നടത്തുക. മണ്ണെണ്ണ, ആട്ട, പഞ്ചസാര മറ്റ് പ്രത്യേക ധാന്യങ്ങള്‍ എന്നിവ ഓരോ സംസ്ഥാനങ്ങളിലും വിതരണം നടത്തുന്നുണ്ടെങ്കിലും ഇന്റര്‍സ്റ്റേറ്റ് പോര്‍ട്ടബിലിറ്റി സൗകര്യം ഇതര സംസ്ഥാനക്കാര്‍ക്ക് ലഭ്യമാക്കിയിട്ടില്ല.
ഒന്നിലധികം അംഗങ്ങളുളള ഇതര സംസ്ഥാന കാര്‍ഡുകളില്‍ 50 ശതമാനം വരെ വിഹിതം മാത്രമാണ് ആദ്യ തവണ വിതരണം നടത്തുകയുളളു. തുടര്‍ന്ന് പത്ത് ദിവസത്തിനുശേഷം ബാക്കി ധാന്യം ലഭ്യമാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍ സംബന്ധമായി കേരളത്തില്‍ വന്നു താമസിക്കുന്നവര്‍ക്കും തൊഴിലിനായി ഇതര സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്കും എ.എ.വൈ, മുന്‍ഗണനാ വിഭാഗം കാര്‍ഡുകളാണെങ്കില്‍ റേഷന്‍ കാര്‍ഡ് മാറ്റാതെ തന്നെ ധാന്യവിഹിതം കൈപ്പറ്റാന്‍ സാധിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.