പൗരത്വ നിയമം: പ്രതിഷേധം കനക്കുന്നു, യു.പിയിൽ 8 ജില്ലകളിൽ ഇന്റർനെറ്റ് വിഛേദിച്ചു
ലഖ്നൗ: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം കനത്തേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഉത്തർപ്രദേശിൽ എട്ട് ജില്ലകളിൽ പൂർണ്ണമായും ഇന്റർനെറ്റ് സേവനം റദ്ദാക്കി.
ബുലന്ദ്ഷർ, മുസഫർ നഗർ,ബിജ്നോർ, ആഗ്ര, ഫിറോസാബാദ്, സംഭൽ, അലീഗഢ്, ഗാസിയബാദ് തുടങ്ങിയ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനം താത്കാലികമായി വിച്ഛേദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരും പോലീസും തമ്മിൽ വ്യാപക ഏറ്റുമുട്ടൽ നടന്ന തലസ്ഥാനമായ ലഖ്നൗവിൽ അത്തരമൊരു നടപടി എടുത്തിട്ടില്ല. ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്രതിഷേധത്തിൽ 20 ഓളം പേർ കൊല്ലപ്പെട്ടിരുന്നു. പോലീസ് വെടിവെപ്പിലാണ് മിക്കവരും കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും പ്രതിഷേധക്കാരുമായി ചർച്ചകൾ നടത്തുമെന്നും യുപി അഡീഷണൽ ഡയറക്ടർ ജനറൽ പി.വി.രാമശാസ്ത്രി പറഞ്ഞു.