28.4 C
Kottayam
Monday, April 29, 2024

ബിഗ് സല്യൂട്ട്! ജോലി ചെയ്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അതിഥി തൊഴിലാളികള്‍

Must read

മലപ്പുറം: ജോലി ചെയ്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പെരിന്തല്‍മണ്ണ വേങ്ങൂരിലെ അതിഥി തൊഴിലാളികള്‍. പെരിന്തല്‍മണ്ണയിലെ മേലാറ്റൂര്‍ പഞ്ചായത്തിലെ വേങ്ങൂരില്‍ കുട്ടികള്‍ക്കുള്ള കിടക്കകള്‍ നിര്‍മിക്കുന്ന ബ്യൂണോ എന്ന കമ്പനിയിലെ ഇതര സംസ്ഥാനക്കാരായ ജോലിക്കാരാണ് മലപ്പുറം ജില്ലാഭരണകൂടത്തിന് പണം കൈമാറിയത്.

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കമ്പനിയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. നാട്ടില്‍ പോകാന്‍ കഴിയാത്തതിനാല്‍ ഇതര സംസ്ഥാനക്കാരായ ആറ് പേരും താമസ്ഥലത്ത് തന്നെ തുടര്‍ന്നു. ജില്ലയിലടക്കം മാസ്‌കുകള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ സ്ഥാപന ഉടമയായ ഉസ്മാന്‍ ഇവരുടെ സഹായത്താല്‍ മാസ്‌കുകള്‍ നിര്‍മിച്ച് പോലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സാമൂഹിക അടുക്കളകളിലും സൗജന്യമായി വിതരണം ചെയ്തു.

മാസ്‌ക് നിര്‍മ്മാണത്തിന് ഉസ്മാന്‍ നല്‍കിയ 8,324 രൂപ വേതനമാണ് തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ബീഹാര്‍ സ്വദേശികളായ ഇസ്ഫഫീല്‍, കിസ്മത്, കാസിം, സാക്കിര്‍, ഇജാജുല്‍ എന്നിവരാണ് തങ്ങളുടെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

ലോക് ഡൗണില്‍ തൊഴിലില്ലാതായതോടെ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുഴുവന്‍ തൊഴിലാളികള്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസുകള്‍ വഴി ഭക്ഷണവും പാചകം ചെയ്ത് കഴിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റുകളും സൗജന്യമായി താമസ്ഥലങ്ങളില്‍ എത്തിച്ച് നല്‍കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week