ഒറ്റയ്ക്ക് ലീഡ് ചെയ്ത ആരിഫും തോല്‍ക്കണമെന്ന് ആഗ്രഹിച്ചു! ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം നര്‍മ്മത്തില്‍ ചാലിച്ച് ഇന്നസെന്റ്
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം തമാശ രൂപേണ പറഞ്ഞ് ചാലക്കുടി മുന്‍ എം.പി ഇന്നസെന്റ്. വോട്ടെണ്ണലിനിടയില്‍ തന്നോടൊപ്പം 18 ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ കൂടി തോല്‍ക്കുമല്ലോ എന്നോര്‍ത്ത് സന്തോഷിച്ചെന്ന് അദ്ദേഹം പറഞ്ഞു.
വീട്ടിലിരുന്ന് വോട്ടെണ്ണല്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി മുന്നിലായെന്നും അപ്പോള്‍ തോന്നിയ വിഷമത്തെ ഇങ്ങനെയാണ് മറികടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 20ല്‍ ഒറ്റയ്ക്ക് ലീഡ് ചെയ്ത ആലപ്പുഴ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫും കൂടി തോല്‍ക്കണമെന്ന് ആഗ്രഹിച്ചെന്നും ഇന്നസെന്റ് പറഞ്ഞു.
ആലപ്പുഴയില്‍ ആരിഫ് മാത്രം തനിക്ക് ചെറിയൊരു ദു:ഖം തന്നു. മനുഷ്യന്റെ സ്വഭാവത്തേക്കുറിച്ചാണ് താന്‍ പറഞ്ഞുവരുന്നത്. ഇത്തരം കുശുമ്പും കുന്നായ്മയും ഒക്കെ ചേര്‍ന്നതാണ് മനുഷ്യനെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു. തന്റെയും പാര്‍ട്ടിയുടെയും തോല്‍വി തമാശ രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.