പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ കേസ് അന്വേഷണ വേളയില്‍ അട്ടിമറി നടന്നതിന് തെളിവായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. മരിച്ച ഇളയക്കുട്ടിയുടെ ശരീരത്തില്‍ മുറിവുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വലത് ഭാഗത്തെ കക്ഷത്തിന് ചുറ്റുമായാണ് മുറിപ്പാട് ഉണ്ടായിരുന്നത്.എന്നാല്‍ ഇത്തരത്തില്‍ ഒരു മുറിപ്പാടിന്റെ കാര്യം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടേയില്ല.
ഇളയകുട്ടിയുടെ ശരീരത്തില്‍ മുറിപ്പാട് ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് ഉണ്ടായിട്ടും മരണത്തില്‍ കൃത്യമായ അന്വേഷണം നടന്നിട്ടില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. കുട്ടിയുടേത് ആത്മഹത്യയല്ല, മറിച്ച് കൊലപാതകം എന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടും ഈ അസ്വഭാവികതകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാനോ അന്വേഷിക്കാനോ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. മൂന്ന് മീറ്റര്‍ നീളമുള്ള ഉയരത്തിലാണ് ഇളയകുഞ്ഞ് തൂങ്ങി മരിച്ചത്. 132സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള കുട്ടിയ്ക്ക് ഇതിന് കഴിയില്ല എന്ന വസ്തുതയും കേസില്‍ എവിടെയും പരിഗണിച്ചിട്ടില്ല. ഇതോടെ ഇളയകുട്ടിയുടെ മരണത്തിലും ദുരൂഹതകള്‍ വീണ്ടും ഏറുകയാണ്.
പെണ്‍കുട്ടി മരിച്ച സമയം മുറിക്കുള്ളില്‍ കട്ടിലിനു മുകളില്‍ രണ്ട് കസേരകള്‍ ഒന്നിനു മുകളില്‍ ഒന്നായി വെച്ചിരുന്നുവെന്ന സംഭവ സ്ഥലത്തെ മഹസറിന്റെ പകര്‍പ്പും പുറത്തു വന്നു. അസ്വാഭാവികമായ മറ്റൊന്നും മുറിയില്‍ ഉണ്ടായിരുന്നില്ലെന്നും മഹസറില്‍ ഉണ്ട്. എന്നാല്‍ ഇത് ആസൂത്രിതമായ കൊലപാതകത്തിന്റെ സൂചനകളാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയില്ലെന്നതും തുടക്കം മുതല്‍ കേസ് അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണത്തിന് ശക്തി പകരുകയാണ്.