![](https://breakingkerala.com/wp-content/uploads/2025/02/john-cooney-780x470.jpg)
ഡബ്ലിന്‍: മത്സരത്തിനിടെ പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഐറിഷ് ബോക്‌സര്‍ ജോണ്‍ കൂണി മരിച്ചു. കഴിഞ്ഞ ശനിയാഴ്ച അള്‍സ്റ്റര്‍ ഹാളില്‍ നടന്ന സെല്‍റ്റിക് സൂപ്പര്‍ ഫെതര്‍വെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നഥാന്‍ ഹോവെല്‍സിനോട് മത്സരിക്കുന്നതിനിടയിലാണ് ജോണ്‍ കൂണിയുടെ തലയ്ക്ക് പരിക്കേറ്റത്.
തുടര്‍ന്ന് ഒമ്പതാം റൗണ്ടില്‍ മത്സരം നിര്‍ത്തി ജോണ്‍ കൂണിയെ ആശുപത്രിയിലെത്തിച്ചു. ആന്തരിക രക്തസ്രാവമുണ്ടായതിനാല്‍ ശസ്ത്രക്രിയയ്ക്കും വിധേയനാക്കി. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും പോരാട്ടത്തിനൊടുവില്‍ ജോണ്‍ കൂണി മരണത്തിന് കീഴടങ്ങിയെന്നും കുടുംബം പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു.
ജോണ്‍ കൂണിയുടെ ജീവന്‍ രക്ഷിക്കാന്‍ പ്രയത്‌നിച്ച ബെല്‍ഫാസ്റ്റിലെ റോയല്‍ വിക്ടോറിയ ആശുപത്രിയിലെ ജീവനക്കാര്‍ക്കും പ്രാര്‍ഥനയോടെ കൂടെ നിന്നവര്‍ക്കും കുടുംബം നന്ദി അറിയിച്ചു.
28-കാരനായ ജോണ്‍ കൂണി 2023-ല്‍ സെല്‍റ്റിക് കിരീടം നേടിയിരുന്നു. ഡബ്ലിനില്‍ നടന്ന മത്സരത്തില്‍ ലിയാം ഗയ്‌നോറിനെയാണ് അന്ന് തോല്‍പ്പിച്ചത്. എന്നാല്‍ പിന്നീട് കൈയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു വര്‍ഷം റിങ്ങില്‍നിന്ന് വിട്ടുനിന്നു. കഴിഞ്ഞ ഒക്ടോബറിലാണ് തിരിച്ചെത്തിയത്.