ആധാര്‍ കാര്‍ഡില്‍ കാമുകിയെ ‘സഹോദരി’യാക്കി കേരളം ചുറ്റാനെത്തിയ വിമാന ജീവനക്കാരും കാമുകിയും പിടിയില്‍
നെടുമ്പാശേരി: സൗജന്യ നിരക്കില്‍ വിമാന ടിക്കറ്റ് തരപ്പെടുത്താന്‍ ആധാര്‍ കാര്‍ഡില്‍ കാമുകിയെ ‘സഹോദരി’യാക്കി മാറ്റി കേരളം ചുറ്റാനെത്തിയ വിമാന ജീവനക്കാരനും കാമുകിയും പിടിയില്‍. ഇന്‍ഡിഗോ ജീവനക്കാരനായ ഭുവനേശ്വര്‍ സ്വദേശി രാഗേഷ് (31), പെണ്‍ സുഹൃത്ത് ഒഡിഷ സ്വദേശിനി രസ്മിത ബരാല (24) എന്നിവരാണ് ജയിലിലായത്. ശനിയാഴ്ച രാത്രിയാണ് ഇരുവരും കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായത്. വിമാന ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വിമാന യാത്രയ്ക്കായി സൗജന്യ നിരക്കില്‍ ടിക്കറ്റ് അനുവദിക്കാറുണ്ട്. ഈ ആനുകൂല്യം ലഭിക്കുന്നതിനായാണ് വിമാന ജീവനക്കാരനായ രാഗേഷ് പെണ്‍ സുഹൃത്തുമായി വിമാനയാത്ര നടത്തുന്നതിന് സഹോദരിയുടെ ആധാര്‍ കാര്‍ഡില്‍ കൃത്രിമം കാട്ടിയത്. സഹോദരി രാധയുടെ ആധാര്‍ കാര്‍ഡില്‍ രസ്മിതയുടെ ഫോട്ടോ പതിപ്പിച്ച ശേഷം കളര്‍ പ്രിന്റ് എടുക്കുകയായിരുന്നു.
ഇതുപയോഗിച്ച് വിമാന ടിക്കറ്റ് തരപ്പെടുത്തി കേരളത്തിലേക്ക് പോന്നു. മൂന്നാറിലെല്ലാം ചുറ്റിക്കറങ്ങി തിരിച്ച് ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിക്ക് മടങ്ങുന്നതിനായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇരുവരും സി.ഐ.എസ്.എഫിന്റെ പിടിയിലായത്. സുരക്ഷാ പരിശോധനയുടെ ഭാഗമായി തിരിച്ചറിയല്‍ രേഖ പരിശോധിച്ച സി.ഐ.എസ്.എഫിന് യുവതിയുടെ പ്രായത്തില്‍ സംശയം തോന്നി. തിരിച്ചറിയല്‍ രേഖയില്‍ ജനന വര്‍ഷം 1991 എന്നാണ്. എന്നാല്‍, യുവതിക്ക് 28 വയസ്സ് തോന്നിക്കുന്നുമില്ല. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്താകുന്നത്. നെടുമ്പാശ്ശേരി പോലീസിനു കൈമാറിയ ഇവരെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കി. യുവതിയെ ജില്ലാ ജയിലിലേക്കും യുവാവിനെ ആലുവ സബ് ജയിലിലേക്കും റിമാന്‍ഡ് ചെയ്തു. വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.