കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനത്തിൽ മറ്റൊരുവിമാനം ഉരസി. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അപകടത്തിൽനിന്ന് നൂറുകണക്കിന് യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ചെന്നൈയിലേക്ക് പുറപ്പെടാനായി റൺവേ ക്ലിയറൻസിനു കാത്തുനിന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ, ബിഹാറിലെ ദർഭംഗയിലേക്കു പുറപ്പെടാനിരുന്ന 6E 6152 നമ്പർ ഇൻഡിഗോ വിമാനം ഉരസുകയായിരുന്നു. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനത്തിന്റെ ചിറക് തട്ടിയാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ എയർ ഇന്ത്യാ എക്സ്പ്രസിന്റെ ചിറക് റൺവേയിൽ പൊട്ടിവീണു. ഇൻഡിഗോ വിമാനത്തിനും കേടുപാടുണ്ടായി. എയർ ഇന്ത്യാ വിമാനത്തിൽ 169 യാത്രക്കാരും ഇൻഡിഗോ വിമാനത്തിൽ 135 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വക്താവ് അറിയിച്ചു. ഇൻഡിഗോ വിമാനത്തിലെ രണ്ടു പൈലറ്റുമാരേയും ഡ്യൂട്ടിയിൽനിന്ന് ഡിജിസിഎ നീക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി റൺവേയിലെ ജീവനക്കാരേയും ചോദ്യംചെയ്യുമെന്ന് ഡിജിസിഎ വ്യക്തമാക്കി.