ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ചെടുത്ത കൊവിഡ് 19 വാക്സിന്‍ ഇന്നുമുതല്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കും. ആദ്യഘട്ടത്തില്‍ തെരഞ്ഞടുക്കപ്പെട്ട പതിനെട്ട് പേരിലാണ് പരീക്ഷണം നടത്തുക. ഐ.സി.എം.ആറും ഭാരത് ബയോടെക്കും ചേര്‍ന്നാണ് കോവാക്സിന്‍ നിര്‍മ്മിക്കുന്നത്. പറ്റ്ന എയിംസിലെ പരീക്ഷണമാണ് ഇന്നുമുതല്‍ ആരംഭിക്കുന്നത്.
തെരഞ്ഞടുക്കപ്പെട്ട 18 പേരെ ആദ്യം മെഡിക്കല്‍ ചെക്കപ്പ് നടത്തും. അതിന് ശേഷം അവരുടെ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷം തുടര്‍ന്നുള്ള നടപടികളുമായി മുന്നോട്ട് പോകും. പരീക്ഷണത്തിന് തയ്യാറായി നിരവധി ആളുകള്‍ എയിംസ് ആശുപത്രിയെ സമീപിച്ചെങ്കിലും പതിനെട്ട് പേരെ മാത്രമാണ് തെരഞ്ഞടുത്തത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ 18നും 55 നും ഇടയിലുള്ളവരാണ്.
രാജ്യത്തെ 12 ആശുപത്രികളിലാണ് മനുഷ്യരില്‍ പരീക്ഷണം നടത്തുക. ഹൈദരബാദ് നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പറ്റ്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവയാണ് രണ്ട് ആശുപത്രികള്‍. ഐസിഎംആര്‍ മാര്‍നിര്‍ദേശങ്ങള്‍ അനുസരിച്ച് വാക്സിന്റെ ആദ്യഡോസ് മികച്ചതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മരുന്ന് കുത്തിവച്ചശേഷം ആദ്യരണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ഡോക്ടറുടെ നിരീക്ഷണത്തിലായിരിക്കും. അതിന് ശേഷം മാത്രമായിരിക്കും വീട്ടിലേക്ക് വിടുക. മൂന്ന് ഘട്ടമായാണ് പരീക്ഷണം നടത്തുക. അതില്‍ അദ്യഡോസ് ഫലപ്രദമായവര്‍ക്ക് മാത്രമായിരിക്കും പിന്നീടുള്ളവ നല്‍കുക.
ആദ്യ ഘട്ടം പൂര്‍ത്തീകരിക്കാന്‍ മൂന്ന് മാസമെങ്കിലും വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്ഗ്റ്റ് 15ന് വാക്സിന്‍ പ്രഖ്യാപനം നടത്തുന്നതിനുവേണ്ടി പരീക്ഷണം വേഗത്തിലാക്കാന്‍ ഐസിഎംആര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
ജീവനില്ലാത്ത സാഴ്സ്‌കോവി2 വൈറസിനെ ഉപയോഗിച്ചാണ് കോവാക്സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതുകാരണം, ഒരു വ്യക്തിയുടെ ശരീരത്തില്‍ കുത്തിവച്ചാല്‍ രോഗം പടര്‍ത്താനോ, വിഭജിക്കാനോ കഴിയില്ല. അതേസമയം, ഈ ജീവനില്ലാത്ത വൈറസുകള്‍ക്കെതിരെ ശരീരം പ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിയുകയും ചെയ്യും.