
ഹൈദരാബാദ്: ഇന്ത്യൻ വിദ്യാർഥി യു.എസ്സിൽ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെലങ്കാന സ്വദേശി പ്രവീൺ കുമാർ ഗംപ(27) ആണ് മോഷ്ടാക്കളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രവീണിന്റെ സുഹൃത്തുക്കളും അധികൃതരുമാണ് വിവരം കുടുംബത്തെ അറിയിക്കുന്നത്. പ്രവീണിന്റെ വീടിന് സമീപം അജ്ഞാതരായ അക്രമികൾ വെടിയുതിർത്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബുധനാഴ്ച രാവിലെ മകന്റെ ഫോണിൽ നിന്ന് കോൾ വന്നെങ്കിലും അത് എടുക്കാനായില്ലെന്ന് യുവാവിന്റെ പിതാവ് രാഘവുലു പറഞ്ഞു. പിന്നീട് തിരിച്ചുവിളിച്ചപ്പോൾ ഒരു അപരിചിതനാണ് മറുപടി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവീണിൻ്റെ ശരീരത്തിൽ വെടിയുണ്ടകൾ കണ്ടെത്തിയതായി ചില ബന്ധുക്കൾ പറഞ്ഞതായി പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തെ ഒരു കടയിൽവെച്ച് അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തിയതാണെന്നും ചിലർ പറയുന്നു. യഥാർഥ മരണകാരണമെന്താണെന്നും ഇപ്പോഴും കുടുംബത്തിന് വിവരമില്ല.
പ്രവീണിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ രംഗത്തെത്തി. എന്നാൽ, മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്നും കോൺസുലേറ്റ് ജനറൽ അറിയിച്ചു. 2023-ലാണ് ഉന്നത വിദ്യാഭ്യാസത്തിനായി പ്രവീൺ യു.എസ്സിലെത്തുന്നത്.