നാഗ്പൂര്‍: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ട20 പരമ്പരയില്‍ ഒപ്പമെത്തി.
മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം എട്ടോവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ 91 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 7.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. 20 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ഇന്നിംഗ്സാണ് ഇന്ത്യക്ക് ജയൊമരുക്കിയത്. അവസാന ഓവറില്‍ 9 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യക്കായി ആദ്യ രണ്ട് പന്തില്‍ സിക്സും ഫോറും നേടി രണ്ട് പന്തില്‍ 10 റണ്‍സുമായി കാര്‍ത്തിക് ഫിനിഷ് ചെയ്തു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം 25ന് ഹൈദരാബാദില്‍ നടക്കും.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ക്യാപ്റ്റന്‍ മാത്യു വെയ്ഡിന്‍റെയും ആരോണ്‍ ഫിഞ്ചിന്‍റെയും ബാറ്റിംഗ് വെടിക്കെട്ടിന്‍റെ മികവിലാണ് എട്ടോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തത്. വെയ്ഡ് 19 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഫിഞ്ച് 15 പന്തില്‍ 31 റണ്‍സെടുത്തു. ഇന്ത്യക്കായി അക്സര്‍ പട്ടേല്‍ രണ്ട് വിക്കറ്റുമായി തിളങ്ങി.
ആദ്യ ഓവര്‍ മുതല്‍ തിരിച്ചടി
ജോഷ് ഹേസല്‍വുഡിന്‍റെ ആദ്യ ഓവറില്‍ തന്നെ മൂന്ന് സിക്സ് പറത്തിയാമ് രോഹിത്തും രാഹുലും തുടങ്ങിയത്. നേരിട്ട രണ്ടാം പന്ത് തന്നെ സിക്സിന് പറത്തിയ രോഹിത് അടുത്ത പന്തും ബൗണ്ടറിക്ക് മുകളിലൂടെ പറത്തി. ഓവറിലെ അവസാന പന്ത് രാഹുലും സിക്സിന് പറത്തിയതോടെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ 20 റണ്‍സടിച്ചു.
പാറ്റ് കമിന്‍സിന്‍റെ രണ്ടാം ഓവറിലും രോഹിത് സിക്സടിച്ചെങ്കിലും ഇന്ത്യക്ക് 11 റണ്‍സെ നേടാനായുള്ളു. പവര്‍പ്ലേയിലെ രണ്ടോവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 30ല്‍ എത്തിയിരുന്നു. ആദം സാംപ എറിഞ്ഞ മൂന്നാം ഓവറില്‍ കെ എല്‍ രാഹുലിനെ(6 പന്തില്‍ 10) നഷ്ടമായെങ്കിലും ഇന്ത്യ 10 റണ്‍സടിച്ചു. ഡാനിയേല്‍ സാംസ് എറിഞ്ഞ നാലാം ഓവറില്‍ കോലിയും രോഹിത്തും ബൗണ്ടറികള്‍ നേടിയതോടെ 11 റണ്‍സ് ഇന്ത്യ വാരി. നാലാം ഓവറില്‍ ഇന്ത്യ 50 കടന്നു.
എന്നാല്‍ അഞ്ചാം ഓവറില്‍ ആദം സാംപക്കെതിരെ ബൗണ്ടറി നേടിയ കോലി അടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ആറ് പന്തില്‍ 11 റണ്‍സായിരുന്നു കോലിയുടെ നേട്ടം. കോലിക്ക് പകരമെത്തിയ സൂര്യകുമാര്‍ യാദവ് നേരിട്ട ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി. സാംപയെ സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച സൂര്യകുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. സാംപയുടെ ഇരട്ടപ്രഹരത്തില്‍ ഒന്ന് പതറിയ ഇന്ത്യക്ക് അഞ്ച് റണ്‍സ് മാത്രമാണ് ആ ഓവറില്‍ നേടാനായത്. ഷോണ്‍ ആബട്ട് എറിഞ്ഞ ആറാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച രോഹിത് ഇന്ത്യയെ ലക്ഷ്യത്തോട് അടുപ്പിച്ചു, അവസാന രണ്ടോവറില്‍ 22 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.