സഞ്ജുവിന്റെ ചിറകിലേറി ഇന്ത്യയ്ക്ക് മിന്നും വിജയം
തിരുവനന്തപുരം: സഞ്ജു സാംസണിന്റെ വെടിക്കെട്ടില്‍ ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ എയ്ക്ക് തകര്‍പ്പന്‍ വിജയം. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അവസാന മത്സരത്തില്‍ 36 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ എ സ്വന്തമാക്കിയത്. 48 പന്തില്‍ ആറ് ഫോറും ഏഴ് സിക്സും ഉള്‍പ്പെടെ 91 റണ്‍സെടുത്ത സഞ്ജുവാണ് കളിയിലെ താരം. നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം 20 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ സഞ്ജുവിന്റെയും ധവാന്റെയും അര്‍ധ സെഞ്ചുറികളുടെ മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 168 റണ്‍സെടുക്കാന്‍ മാത്രമെ കഴിഞ്ഞുള്ളു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ പ്രശാന്ത് ചോപ്രയെ നഷ്ടമായി. തുടര്‍ന്ന് വണ്‍ ഡൗണായി എത്തിയ സഞ്ജുവിന്റെ കൂറ്റനടികളാണ് ഇന്ത്യന്‍ സകോര്‍ അതിവേഗം ചലിപ്പിച്ചത്. ഇതോടെ ധവാനും കളം നിറഞ്ഞതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്കു നീങ്ങുകയായിരുന്നു. ശിഖര്‍ ധവാന്‍ 36 പന്തില്‍ 51 റണ്‍സെടുത്താണ് മടങ്ങിയത്. ഇരുവരും പുറത്തായശേഷം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ(19 പന്തില്‍ 36) വെടിക്കെട്ട് ഫിനിഷിംഗാംണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. മറുപടി ബാറ്റിംഗില്‍ റീസാ ഹെന്‍ഡ്രിക്സും(43 പന്തില്‍ 59), കെയ്ല്‍ വെരിയെന്നെയും(24 പന്തില്‍ 44) പൊരുതി നോക്കിയെങ്കിലും ഇന്ത്യന്‍ ലക്ഷ്യം അകലെയായിരുന്നു. ഇന്ത്യക്കായി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ മൂന്നും വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ടും വിക്കറ്റെടുത്തു. ജയത്തോടെ അഞ്ച് മത്സര പരമ്പര ഇന്ത്യ 41ന് സ്വന്തമാക്കി.