CricketNationalNewsSports

ടൂ… സിംപിള്‍…. ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയയെ ഇന്ത്യ അഞ്ചുവിക്കറ്റിന് തകർത്തു

മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. അഞ്ചുവിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തകര്‍ത്തത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 48.4 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 74 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.

277 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 142 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇരുവരും അര്‍ധസെഞ്ചുറി നേടി. എന്നാല്‍ ഋതുരാജിനെ പുറത്താക്കി ആദം സാംപ ഈ കൂട്ടുകെട്ട് പൊളിച്ചു. 77 പന്തില്‍ 71 റണ്‍സെടുത്ത താരത്തെ സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ വന്ന ശ്രേയസ് അയ്യര്‍ അനാവശ്യ റണ്ണിന് ശ്രമിച്ച് റണ്‍ ഔട്ടായി. വെറും മൂന്ന് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

ടീം സ്‌കോര്‍ 150 കടന്നതിന് പിന്നാലെ ഗില്ലും പുറത്തായി. ഇതോടെ ഇന്ത്യ പതറി. 63 പന്തില്‍ 74 റണ്‍സെടുത്ത ഗില്ലിനെ ആദം സാംപ ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ ഇന്ത്യ പതറി. പിന്നാലെ വന്ന ഇഷാന്‍ കിഷനും പരാജയപ്പെട്ടു. 18 റണ്‍സെടുത്ത താരത്തെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. ഇതോടെ ഇന്ത്യ 185 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച നായകന്‍ കെ.എല്‍.രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. സൂക്ഷിച്ചുകളിച്ച ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 250 കടത്തി.

പിന്നാല സൂര്യകുമാര്‍ അര്‍ധസെഞ്ചുറി നേടി. 47 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകത്തിലെത്തിയത്. എന്നാല്‍ അര്‍ധശതകത്തിന് പിന്നാലെ താരം അനാവശ്യഷോട്ട് കളിച്ച് പുറത്തായി. സീന്‍ അബോട്ടാണ് 50 റണ്‍സെടുത്ത സൂര്യകുമാറിനെ പുറത്താക്കിയത്. പിന്നാലെ വന്ന ജഡേജയെ സാക്ഷിയാക്കി രാഹുല്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. തൊട്ടടുത്ത പന്തില്‍ സിക്‌സടിച്ച് താരം ഇന്ത്യയെ വിജയത്തിലെത്തിച്ചു. രാഹുല്‍ 63 പന്തില്‍ 58 റണ്‍സെടുത്തും ജഡേജ മൂന്ന് റണ്‍സ് നേടിയും പുറത്താവാതെ നിന്നു. ഓസീസിനായി ആദം സാംപ രണ്ട് വിക്കറ്റെടുത്തപ്പോള്‍ സീന്‍ അബോട്ട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ 276 റണ്‍സിന് ഓള്‍ ഔട്ടായി. മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍മാരാണ് ഓസീസിനെ തകര്‍ത്തത്. ഇന്ത്യയ്ക്ക് വേണ്ടി പേസ് ബൗളര്‍ മുഹമ്മദ് ഷമി അഞ്ചുവിക്കറ്റ് വീഴ്ത്തി. അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി കിട്ടി. നാല് റണ്‍സെടുത്ത ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ ഷമി പുറത്താക്കി. പിന്നീട് ക്രീസിലൊന്നിച്ച ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് ടീമിനെ രക്ഷിച്ചു. വാര്‍ണര്‍ അര്‍ധസെഞ്ചുറി നേടി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 52 റണ്‍സെടുത്ത വാര്‍ണറെ പുറത്താക്കി ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു.

പിന്നാലെ വന്ന മാര്‍നസ് ലബൂഷെയ്‌നും നന്നായി ബാറ്റുചെയ്തു. എന്നാല്‍ മറുവശത്ത് 39 റണ്‍സെടുത്ത സ്മിത്തിനെ ഷമി ക്ലീന്‍ ബൗള്‍ഡാക്കി. സ്മിത്തിന് പകരം വന്ന കാമറൂണ്‍ ഗ്രീനും ലബൂഷെയ്‌നും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി. എന്നാല്‍ അത് വലിയൊരു കൂട്ടുകെട്ടാക്കി മാറ്റാന്‍ ഇരുതാരങ്ങള്‍ക്കും സാധിച്ചില്ല. 39 റണ്‍സെടുത്ത ലബൂഷെയ്‌നിനെ അശ്വിന്‍ പുറത്താക്കിയപ്പോള്‍ അനാവശ്യ റണ്ണിന് ശ്രമിച്ച കാമറൂണ്‍ ഗ്രീന്‍ റണ്‍ ഔട്ടായി. 31 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

പിന്നീട് ക്രീസിലൊന്നിച്ച ജോഷ് ഇംഗ്ലിസും മാര്‍ക്കസ് സ്‌റ്റോയിനിസും ചേര്‍ന്ന് ടീം സ്‌കോര്‍ 200 കടത്തി. ഇരുവരും നന്നായി ബാറ്റുചെയ്തു. എന്നാല്‍ 47-ാം ഓവറില്‍ സ്‌റ്റോയിനിസിനെ ഷമി ക്ലീന്‍ ബൗള്‍ഡാക്കി. 29 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ 45 റണ്‍സെടുത്ത ഇംഗ്ലിസിനെ ബുംറയും പുറത്താക്കി. പിന്നാലെ വന്ന മാറ്റ് ഷോര്‍ട്ട് (2) , സീന്‍ അബോട്ട് (2) എന്നിവരെ പുറത്താക്കി ഷമി അഞ്ചുവിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. അവസാന വിക്കറ്റില്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് അടിച്ചുതകര്‍ത്ത് ടീം സ്‌കോര്‍ 276-ല്‍ എത്തിച്ചു. മറുവശത്തുനിന്ന ആദം സാംപ (2) റണ്‍ ഔട്ടായതോടെ ടീം ഓള്‍ ഔട്ടായി. കമ്മിന്‍സ് വെറും ഒന്‍പത് പന്തില്‍ 21 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഷമി 10 ഓവറില്‍ 51 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button