രാജ്യത്ത് വാണിജ്യ പാചകവാതക വില കുറച്ചു
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകൾക്കാണ് വിലകുറച്ചത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറുകൾക്ക് 31 രൂപയാണ് കുറഞ്ഞത്. ഇതോടെ സിലിണ്ടറിന് പുതുക്കിയ വില 1655 രൂപയായി. മാസാരംഭം ആയതോടെ പാചകവാതക വിലയിൽ കുറവുവരുത്താൻ കമ്പനികൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
നിലവിൽ സിലിണ്ടറൊന്നിന് ഡൽഹിയിൽ 1646 രൂപയും കൊൽക്കത്തയിൽ 1756 രൂപയും മുംബയിൽ 1598 രൂപയുമാണ് വില. ജൂൺ മാസത്തിലും വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് വില കുത്തനെ കുറച്ചിരുന്നു. അന്ന് 69.50 രൂപയാണ് കമ്പനികൾ കുറവുവരുത്തിയത്. ഇതോടെ രണ്ട് മാസത്തിനിടെ 100 രൂപയ്‌ക്ക് മേൽ കുറവുണ്ടായി. ഏപ്രിൽ, മേയ് മാസങ്ങളിലും വാണിജ്യ സിലിണ്ടറുകൾക്ക് വിലകുറച്ചിരുന്നു. ഏപ്രിലിൽ 30.50 രൂപയും മേയിൽ 19 രൂപയുമാണ് കുറച്ചത്.
എല്ലാമാസവും ഒന്നാംതീയതിയാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങി കമ്പനികൾ വില പുതുക്കുന്നത്. അതേസമയം സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്റെ കൈയിലാണെന്നുറപ്പിക്കാൻ ഗ്യാസ് കണക്ഷൻ മസ്റ്ററിംഗ് (ഇ.കെ.വൈ.സി അപ്‌ഡേഷൻ) നിർബന്ധമാണ്. അവസാന തീയതി കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും. അതുകഴിഞ്ഞ് മസ്റ്ററിംഗ് നടത്താത്തവർക്ക് സിലിണ്ടർ ബുക്ക് ചെയ്യാനായേക്കില്ല.
പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലുള്ളവരാണ് അപ്‌ഡേഷൻ ചെയ്യേണ്ടത് എന്നായിരുന്നു ധാരണ. എന്നാൽ എല്ലാവരും ചെയ്യണമെന്ന് വിതരണ കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. മസ്റ്ററിംഗ് ആരംഭിച്ച് രണ്ടു മാസം പിന്നിട്ടിട്ടും ആളുകൾ മടിച്ചു നിൽക്കുന്നതിനാലാണ് ഇൻഡേൻ, ഭാരത്, എച്ച്.പി കമ്പനികൾ മസ്റ്ററിംഗ് നിർബന്ധമാണെന്ന മുന്നറിയിപ്പ് നൽകുന്നത്. 8,500 ഉപഭോക്താക്കളുള്ള കൊച്ചിയിലെ ഒരു ഏജൻസിയിൽ ഇതുവരെ മസ്റ്ററിംഗ് നടത്തിയത് 500ൽ താഴെ മാത്രം. സംസ്ഥാനത്താകെ ഇതാണ് അവസ്ഥ.
മസ്റ്ററിംഗ് എങ്ങനെ?
ആധാർ കാർഡ്, ഗ്യാസ് കണക്ഷൻ ബുക്ക് എന്നിവയുമായി ഏജൻസിയിലെത്തുക.
ബയോമെട്രിക് പഞ്ചിംഗ് സംവിധാനമടക്കം ഏജൻസികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് ഇ.കെ.വൈ.സി അപ്‌ഡേറ്റായെന്ന് സന്ദേശമെത്തും.
വിതരണ കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം.
കമ്പനികളുടെ ആപ്പും ആധാർ ഫേസ് റെക്കഗ്നിഷൻ ആപ്പും ഡൗൺലോഡ് ചെയ്യണം