കടുവകൾ വീറ് കാട്ടി, ട്വന്റി 20യിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് വിജയം
ദില്ലി: രാജ്യ തലസ്ഥാനത്തെ പുകമഞ്ഞ് വിഴുങ്ങിയ രാത്രിയിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്കു തോല്‍വി. ഏഴു വിക്കറ്റിനാണ് ബംഗ്ലാ കടുവകള്‍ ഹിറ്റ്മാനെയും സംഘത്തെയും പുകച്ച് വിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റിന് 148 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ പ്രതീക്ഷയ്ക്കു മങ്ങലേറ്റിരുന്നു. മറുപടിയില്‍ മുഷ്ഫിഖുര്‍ റഹീം (60*) ഫിഫ്റ്റിയുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 19.3 ഓവറില്‍ ബംഗ്ലാദേശ് ലക്ഷ്യം മറികടന്നു. 43 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് മുഷ്ഫിഖുര്‍ ടോപ്‌സ്‌കോററായത്. ടി20യില്‍ ഇതാദ്യമായാണ് ഇന്ത്യക്കെതിരേ ബംഗ്ലാദേശ് ജയം നേടുന്നത്. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തുകയും ചെയ്തു. സൗമ്യ സര്‍ക്കാര്‍ (39), മുഹമ്മദ് നയീം (26), ലിറ്റണ്‍ ദാസ് (7) എന്നിവരെ മാത്രമേ ബംഗ്ലാദേശിനു നഷ്ടമായുള്ളൂ. ഇന്ത്യക്കു വേണ്ടി ദീപക് ചഹര്‍, ഖലീല്‍ അഹമ്മദ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യക്കു ആറു വിക്കറ്റിന് 148 റണ്‍സാണ് നേടാനെ കഴിഞ്ഞുള്ളു. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്കു പോലും അർദ്ധസെഞ്ച്വറി തികയ്ക്കാനുമായില്ല. 41 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. മറ്റുള്ളവരൊന്നും 30 കടന്നില്ല. റിഷഭ് പന്ത് (27), ശ്രേയസ് അയ്യര്‍ (22), ലോകേഷ് രാഹുല്‍ (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ബംഗ്ലാദേശിനു വേണ്ടി ഷഫിയുല്‍ ഇസ്ലാം, അമിനുല്‍ ഇസ്ലാം എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ടോസിനു ശേഷം ബംഗ്ലാദേശ് നായകന്‍ മഹമ്മൂദുള്ള ഇന്ത്യയെ ബാറ്റിങിന് അയച്ചു. മലയാളി താരം സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ മുംബൈയില്‍ നിന്നുള്ള യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെ ഇന്ത്യക്കായി അരങ്ങേറി