ചെന്നൈ: ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഓസീസ് ബാറ്റിങ് നിര. 2023 ഏകദിന ലോകകപ്പില്‍ കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 200 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 49.3 ഓവറില്‍ 199 റണ്‍സിന് ഓള്‍ ഔട്ടായി. ലോകോത്തര നിലവാരം പുലര്‍ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ പേരുകേട്ട ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞു. 46 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റ് ഓസീസിന് നഷ്ടമായി. ആറുപന്ത് നേരിട്ട് റണ്‍സൊന്നും എടുക്കാന്‍ കഴിയാതെ വന്ന മാര്‍ഷിനെ ജസ്പ്രീത് ബുംറ വിരാട് കോലിയുടെ കൈയ്യിലെത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ഡേവിഡ് വാര്‍ണര്‍ വലിയ തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചു.
ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 74-ല്‍ എത്തിച്ചു. എന്നാല്‍ കുല്‍ദീപ് യാദവിനെ കൊണ്ടുവന്ന് രോഹിത് ശര്‍മ ഈ കൂട്ടുകെട്ട് പൊളിച്ചു. 52 പന്തില്‍ 41 റണ്‍സെടുത്ത വാര്‍ണറെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി കുല്‍ദീപ് വിക്കറ്റ് സ്വന്തമാക്കി. വാര്‍ണര്‍ക്ക് പകരം മാര്‍നസ് ലബൂഷെയ്‌നാണ് ക്രീസിലെത്തിയത്.ലബൂഷെയ്‌നിനൊപ്പം ബാറ്റുവീശിയ സ്മിത്ത് ടീം സ്‌കോര്‍ 100 കടത്തി. വളരെ പതുക്കെയാണ് ഓസ്‌ട്രേലിയ ബാറ്റുചെയ്തത്. എന്നാല്‍ രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. ടീം സ്‌കോര്‍ 110-ല്‍ നില്‍ക്കേ 71 പന്തില്‍ 46 റണ്‍സെടുത്ത സ്മിത്തിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി.
തൊട്ടുപിന്നാലെ ക്രീസിലുറച്ചുനിന്ന ലബൂഷെയ്നിനെയും ജഡേജ മടക്കി. 41 പന്തിൽ 27 റൺസെടുത്ത ലബൂഷെയ്ൻ സ്വീപ്ഷോട്ട് കളിക്കുന്നതിനിടെ പന്ത് താരത്തിന്റെ ബാറ്റിലുരസി. ഇത് അനായാസം വിക്കറ്റ് കീപ്പർ രാഹുൽ കൈക്കലാക്കുകയും ചെയ്തു. അതേ ഓവറിൽ തന്നെ അലക്സ് ക്യാരിയെയും മടക്കി ജഡേജ കൊടുങ്കാറ്റായി. അക്കൗണ്ട് തുറക്കുംമുൻപ് ജഡേജ ക്യാരിയെ വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ ഓസീസ് 29.4 ഓവറില്‍ 119 ന് അഞ്ചു വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
പിന്നാലെ ക്രീസിലൊന്നിച്ച മാക്സ്വെല്ലും കാമറൂൺ ഗ്രീനും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അത് ഫലവത്തായില്ല. ടീം ്സകോർ 140-ൽ നിൽക്കേ 15 റൺസെടുത്ത മാക്സ്വെല്ലിനെ മനോഹരമായ പന്തിലൂടെ കുൽദീപ് യാദവ് ക്ലീൻ ബൗൾഡാക്കി. ഇതോടെ ഓസീസ് തകർന്നു. തൊട്ടടുത്ത ഓവറിൽ അവസാന പ്രതീക്ഷയായ കാമറൂൺ ഗ്രീനിനെ അശ്വിൻ ഹാർദിക്കിന്റെ കൈയ്യിലെത്തിച്ചു.
വെറും എട്ട് റൺസാണ് ഗ്രീനിന്റെ സമ്പാദ്യം. എട്ടാം വിക്കറ്റിൽ ക്രീസിലൊന്നിച്ച മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും ചേർന്ന് ടീം സ്കോർ 150 കടത്തി. എന്നാൽ 15 റൺസെടുത്ത കമ്മിൻസിനെ മടക്കി ബുംറ വീണ്ടും ഓസീസിന് പ്രഹരമേൽപ്പിച്ചു. കമ്മിൻസിന് പകരം വന്ന സാംപയ്ക്കും പിടിച്ചുനിൽക്കാനായില്ല. ആറുറൺസെടുത്ത താരത്തെ ഹാർദിക് പാണ്ഡ്യ പുറത്താക്കി.
അവസാന ഓവറുകളിലെ മിച്ചൽ സ്റ്റാർക്കിന്റെ ചെറുത്തുനിൽപ്പാണ് ടീമിന് ഭേദപ്പെട്ട ടോട്ടൽ സമ്മാനിച്ചത്. അവസാന ഓവറിലെ മൂന്നാം പന്തിൽ സ്റ്റാർക്കിനെ സിറാജ് പുറത്താക്കി. 28 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ടീം ഓൾ ഔട്ടായി.
ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ 10 ഓവറില്‍ രണ്ട് മെയ്ഡനടക്കം 28 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.