പെർത്ത്: ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയിൽ വീണെങ്കിലും അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയില്ലാതെ ഓസ്‌ട്രേലിയയുമായി ആദ്യ ടെസ്റ്റിന് ഇറങ്ങിയ ആദ്യ ഇന്നിങ്‌സിൽ വെറും 150 റൺസിനു പുറത്തായപ്പോഴേ വിധി നിർണയിച്ചതായി ആരാധകർ കരുതി.
എന്നാൽ ജസ്പ്രീത് ബുംറയെന്ന പുതിയ ക്യാപ്റ്റനു കീഴിൽ അതേ ശക്തിയിൽ തിരിച്ചടിച്ച ഇന്ത്യ ആദ്യദിനം കളിയവസാനിക്കുമ്പോൾ വെറും 67 റൺസിന് ഓസ്‌ട്രേലിയയുടെ ഏഴു വിക്കറ്റുകൾ വീഴ്ത്തി. 10 ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് എടുത്ത ബുംറ തന്നെയാണ് ഓസ്‌ട്രേലിയയെ തകർക്കുന്നതിലും മുന്നിൽനിന്നു നയിച്ചത്.
ആറ് മെയ്ഡൻ ഓവറുകൾ എറിഞ്ഞ മുഹമ്മദ് സിറാജ് ഒമ്പത് ഓവറിൽ 17 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി. ഓസ്‌ട്രേലിയൻ നിരയിൽ മൂന്നു പേർക്കു മാത്രമാണ് ഇരട്ടയക്കം കാണാൻ കഴിഞ്ഞത്. ടോപ് സ്‌കോററായ വിക്കറ്റ് കീപ്പർ അലക്‌സ് കാരി പുറത്താവാതെ 19 റൺസെടുത്തു. ട്രാവിസ് ഹെഡ്(11), നഥാൻ മക്‌സ്വീനി(10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ടു പേർ.
ഉസ്മാൻ ഖവാജ(8), മാമസ് ലബുഷെയൻ(2), സ്റ്റീവ് സ്മിത്ത്(0), മിച്ചൽ മാർഷ്(6), പാറ്റ് കമ്മിൻസ്(3), എന്നിവരാണ് പുറത്തായ മറ്റുള്ളവർ. 52 പന്തുകൾ നേരിട്ട് രണ്ട് റൺസ് മാത്രമെടുത്ത ലബുഷെയ്‌ന്റെ വിക്കറ്റ് സിറാജാണ് വീഴ്ത്തിയത്. കാരിക്കു കൂട്ടായി ആറു റൺസോടെ മിച്ചൽ സ്റ്റാർക്ക് ക്രീസിലുണ്ട്.
ഇന്ത്യൻ ബാറ്റിങ് നിരയിൽ ഋഷഭ് പന്തും കെ.എൽ. രാഹുലും ചേർന്ന് 48 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ 100 കടത്തിയത്. 59 പന്തിൽ 41 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഢിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. പന്ത് 37 റൺസിനും രാഹുൽ 26 റൺസിനും പുറത്തായി.
ഇവർക്ക് പുറമെ ധ്രുവ് ജുറേലിനു(11) മാത്രമാണ് രണ്ടക്കം കടക്കാനായത്. യശസ്വി ജയ്‌സ്‌വാളും ദേവദത്ത് പടിക്കലും പൂജ്യത്തിനു പുറത്തായി. മുൻ നായകൻ വിരാട് കോലിക്ക് 12 പന്തിൽ അഞ്ച് റൺസ് നേടാനേ സാധിച്ചുള്ളൂ. 13 ഓവറിൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്‌സൽവുഡാണ് ഇന്ത്യയുടെ നടുവൊടിച്ചത്. നിതീഷിന്റെയും പന്തിന്റെയും വിക്കറ്റ് വീഴ്ത്തി ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസും തിളങ്ങി.
അതേസമയം, രാഹുലിന്റെ പുറത്താവൽ വിവാദത്തിന് വഴിവെച്ചു. അംപയറുടെ തെറ്റായ തീരുമാനത്തിന്റെ പുറത്താണ് പുറത്തായത്. പിന്നാലെ ജുറേൽ (11), വാഷിങ്ടൺ സുന്ദർ (4), ഹർഷിത് റാണ (7), ബുംറ (8) എന്നിവരും പുറത്തായി. ടോപ് സ്‌കോററായ നിതീഷ് റെഡ്ഢിയാണ് അവസാനം പുറത്തായത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു ഇന്ത്യ. രോഹിത് ശർമയുടെ അഭാവത്തിൽ ജസ്പ്രീത് ബുംറയാണ് ക്യാപ്റ്റൻ. ഓസ്ട്രേലിയയെ പാറ്റ് കമിൻസാണ് നയിക്കുന്നത്. സ്വന്തം നാട്ടിൽ ന്യൂസീലൻഡിനോടേറ്റ തോൽവിയുടെ ക്ഷീണം തീർക്കലാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം 2014-15നുശേഷം ട്രോഫി തിരിച്ചുപിടിക്കലാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. തുടർച്ചയായ അഞ്ചാംവട്ടം കിരീടം നിലനിർത്താനാണ് ഇന്ത്യയിറങ്ങിയത്.