ന്യൂഡല്‍ഹി: ഇന്ത്യയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡയും പുറത്താക്കി. കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയതിന് പിന്നാലെയാണ് നടപടി. ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ അടക്കമുള്ള 6 ഉദ്യോഗസ്ഥരെയാണ് കുറ്റകൃത്യങ്ങളിൽ പങ്കെന്ന് ആരോപിച്ച് പുറത്താക്കിയത്.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ടുയർന്ന നയതന്ത്ര തർക്കം ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തീർത്തും വഷളാക്കി. നിജ്ജറുടെ കൊലപാതകത്തിന് ശേഷം ദില്ലിയിലെ കനേഡിയൻ ഹൈക്കമ്മീഷനിലെ ഇരുപത് ഉദ്യോഗസ്ഥരെ ഇന്ത്യ വെട്ടിക്കുറച്ചിരുന്നു.
ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരായ തെളിവുണ്ടെന്ന് കാനഡ അവകാശപ്പെടുന്നു. ഭീഷണിപ്പെടുത്തിയും ആനുകൂല്യങ്ങൾ നല്കിയും പണം ശേഖരിച്ചുവെന്നും തെക്കനേഷ്യൻ സമൂഹത്തിലെ ചിലരെ ലക്ഷ്യം വയ്ക്കാൻ ഈ വിവരം ഉപയോഗിച്ചുവെന്നും ഖാലിസ്ഥാൻ അനുകൂലികളെ ഇന്ത്യ ലക്ഷ്യമിട്ടെന്നും കാനഡ വിമർശിക്കുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥരെ പുറത്താക്കിക്കൊണ്ടുള്ള വിശദീകരണക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ ഇന്ന് വൈകിട്ട് പുറത്താക്കിയിരുന്നു. ആക്ടിംഗ് ഹൈകമീഷണർ, ഡെപ്യൂട്ടി ഹൈകമ്മീഷണർ ഉൾപ്പെടെ ആറ് പേരെയാണ് പുറത്താക്കിയത്. ഈ മാസം 19 നകം ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ പ്രതിയാക്കാനുള്ള കാനഡയുടെ നീക്കത്തിൽ കടുത്ത പ്രതിഷേധം അറിയിച്ചാണ് ഇന്ത്യയുടെ നടപടി. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ തിരിച്ചു വിളിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. തീവ്രവാദികളെ സഹായിക്കുന്ന കനേഡിയൻ നയത്തിന് മറുപടി നൽകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.