ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ (Commonwealth Games Women’s Cricket 2022) പാകിസ്ഥാന്‍ വനിതകള്‍ക്കെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മഴ കാരണം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ 99 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യ സ്മൃതി മന്ഥാനയുടെ (42 പന്തില്‍ പുറത്താവാതെ 63) അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ 11.4 ഓവറില്‍ ലക്ഷ്യം മറികടന്നു. ഷെഫാലി വര്‍മ (16), സബിനേന മേഘ്‌ന (14) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ജമീമ റോഡ്രിഗസ് (2) പുറത്താവാതെ നിന്നു. നേരത്തെ സ്‌നേഹ് റാണ, രാധാ യാധവ് എന്നിവരുടെ രണ്ട് വിക്കറ്റ് പ്രകടനമാണ് പാകിസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 32 റണ്‍സെടുത്ത മുനീബ അലിയാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയുടെ ആദ്യ ജയമാണിത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ, ഓസ്‌ട്രേലിയയോട് തോറ്റിരുന്നു.
മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മന്ഥാനയുടെ ഇന്നിംഗ്‌സ്. ഓപ്പണിംഗ് വിക്കറ്റില്‍ 61 റണ്‍സ് പിറന്നു. എന്നാല്‍ ആറാം ഓവറിന്റെ അവസാന പന്തില്‍ ഷെഫാലി പുറത്തായി. തുബ ഹസന്റെ പന്തില്‍ പാക് വിക്കറ്റ് കീപ്പര്‍ മൂനീബ അലിക്ക് ക്യാച്ച്. ഒരു സിക്‌സും രണ്ട് ഫോറും ഷെഫാലി നേടിയിരുന്നു. സബിനേനി ഒമൈമ സൊഹൈലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു.
നേരത്തെ, മുനീബയ്ക്ക് പുറമെ ബിസ്മ മറൂഫ് (17), ഒമൈമ സൊഹൈല്‍ (10), ആയേഷ നസീം (10), ആലിയ റിയാസ് (18) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ഇറാം ജാവേദ് (0), ഫാത്തിമ സന (8), കൈനത് ഇംതിയാസ് (2), ദിയാന ബെയ്ഗ് (0), തുബ ഹസന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആനം അമിന്‍ (0) പുറത്താവാതെ നിന്നു. രേണുക സിംഗ്, മേഘ്‌ന സിംഗ്, ഷെഫാലി വര്‍മ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
ആദ്യ കളി തോറ്റ് തുടങ്ങിയതിനാല്‍ ഇരു ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമായിരുന്നു. കരുത്തരായ ഓസ്‌ട്രേലിയയോട് കയ്യെത്തും ദൂരത്താണ് ഇന്ത്യക്ക് ജയം നഷ്ടമായത്. പാകിസ്ഥാനാവട്ടെ ബാര്‍ബഡോസിനോടും തോറ്റു. ബുധനാഴ്ച്ച ഇന്ത്യ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബാര്‍ബഡോസിനെ നേരിടും.