കിവീസിന്റെ ചിറകരിഞ്ഞു; മൂന്നാം ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

ദുബായ്: ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതിയോടെ രോഹിത് ശര്‍മയ്ക്കും ഇത് സമ്മോഹനമായ മുഹൂര്‍ത്തം. സ്കോർ- ന്യൂസീലൻഡ്: 251-7. ഇന്ത്യ: 254-6.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ലക്ഷ്യം മറികടന്നു. ടൂർണമെന്റിലുടനീളം ഫോമില്ലായ്മയുടെ പേരിൽ പഴികേട്ട രോഹിത് ശർമയുടെ ഇന്നിങ്സാണ് ഫൈനലിൽ ഇന്ത്യക്ക് തുണയും ധൈര്യവുമായത്. തുടക്കം മുതൽ മനോധൈര്യത്തോടെ നേരിട്ട രോഹിത്ത് 83 പന്തുകൾ നേരിട്ട് 76 റൺസ് നേടി. 48 റൺസ് നേടിയ ശ്രേയസ് അയ്യരും വിജയത്തിൽ നിർണായകമായി. 49-ാം ഓവറിലെ അവസാന പന്തിൽ രവീന്ദ്ര ജഡേജയുടെ ബാറ്റില്‍നിന്നുവന്ന ഫോറാണ് ചരിത്രജയത്തിലേക്ക് ഇന്ത്യയെ കൈപ്പിടിച്ചത്. കെ.എൽ. രാഹുലും (34) ജഡേജയും (9) ആണ് ജയിക്കുമ്പോൾ ക്രീസിൽ.
മൂന്ന് സിക്സും ഏഴ് ഫോറും സഹിതം 83 പന്തുകളിൽനിന്നാണ് രോഹിത്തിന്റെ 76 റൺസ്. ടൂർണമെന്റിലെ രോഹിത്തിന്റെ ആദ്യ അർധ സെഞ്ചുറിയാണിത്. ഒടുവില്‍ അനാവശ്യമായി ക്രീസില്‍നിന്ന് കയറിക്കളിക്കാന്‍ ശ്രമിച്ച് പുറത്തായി. രചിന്‍ രവീന്ദ്രയുടെ ഓവറില്‍ ക്രീസില്‍നിന്ന് കയറിക്കളിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെ പന്ത് വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന്റെ കൈയിലെത്തി. ലാഥം സമയം പാഴാക്കാതെ സ്റ്റമ്പ് ചെയ്യുകയായിരുന്നു.
ഒരറ്റത്ത് രോഹിത് ശര്‍മ തകര്‍പ്പനടികളുമായി മുന്നോട്ടുപോകവേ മറുവശത്ത് ആങ്കറിങ് റോളിലായിരുന്ന ശുഭ്മാന്‍ ഗില്‍ 19-ാം ഓവറിലാണ് വിക്കറ്റ് കളഞ്ഞത്. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് തകര്‍പ്പനായി ക്യാച്ചുചെയ്ത് പുറത്താക്കുകയായിരുന്നു. 50 പന്തു നേരിട്ട ഗില്‍ ഒരു സിക്‌സ് സഹിതം 31 റണ്‍സ് നേടി.
വണ്‍ഡൗണായെത്തിയ വിരാട് കോലിക്ക് രണ്ട് പന്തുകള്‍ മാത്രമേ നേരിടാനായുള്ളൂ. സാന്റ്‌നറുടെ പന്തില്‍ സിംഗിളെടുത്ത കോലി, തൊട്ടടുത്ത മിക്കായേല്‍ ബ്രേസ്‌വെലിന്റെ ഓവറില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. രോഹിത്തുമായി കൂടിയാലോചിച്ചശേഷം റിവ്യൂ നല്‍കിയെങ്കിലും ബാറ്റില്‍ എഡ്ജ് കണ്ടെത്താനായില്ല. തുടർന്ന് ക്രീസിൽ നിലയുറപ്പിച്ചു കളിച്ച ശ്രേയസ് അയ്യർ 62 പന്തിൽനിന്ന് 48 റൺസ് നേടി പുറത്തായി. അർധ സെഞ്ചുറിയിലേക്ക് രണ്ട് റൺസ് മാത്രം അകലം നിൽക്കേ, രവീന്ദ്ര ജഡയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഇതിനിടെ ഒരുതവണ ശ്രേയസ് ക്യാച്ചിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു.
ബ്രേസ്വെലിന്റെ പന്തിൽ ഒറുർക്കിന് ക്യാച്ച് നൽകി അക്ഷർ പട്ടേലും (40 പന്തിൽ 29) മടങ്ങി. പിന്നാലെ ടീമിനെ വിജയതീരത്തെത്തിച്ച് ഹാർദിക് പാണ്ഡ്യയും (18) ജെമീസന്റെ പന്തിൽ റിട്ടേൺ ക്യാച്ചായി പുറത്തായി. പിന്നീട് കെ.എൽ. രാഹുലും രവീന്ദ്ര ജഡേജയും ക്രീസിലൊരുമിച്ച് വിജയറൺസ് കുറിക്കുകയായിരുന്നു.
ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡിനെ ചെറിയ സ്‌കോറില്‍ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് കഴിഞ്ഞു. നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സാണ് ന്യൂസീലന്‍ഡിന്റെ സമ്പാദ്യം. കിവികള്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പന്തെറിയാനെത്തിയതോടെ കഥ മാറി. വിക്കറ്റുകള്‍ വീണുതുടങ്ങിയതോടെ സ്‌കോര്‍ വേഗം മന്ദഗതിയിലായി. ഇന്ത്യ പിഴുത ഏഴു വിക്കറ്റുകളില്‍ അഞ്ചും സ്പിന്നര്‍മാര്‍ വകയാണ്. ഒരു വിക്കറ്റ് മുഹമ്മദ് ഷമിക്കും ഒന്ന് റണ്ണൗട്ടും.
ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ന്യൂസീലന്‍ഡിന്റെ അഞ്ചുവിക്കറ്റുകള്‍ പിഴുത വരുണ്‍ ചക്രവര്‍ത്തി ഇന്നും നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ നേടി ന്യൂസീലന്‍ഡിന്റെ ആത്മവിശ്വാസം കെടുത്തി. കുല്‍ദീപ് യാദവിനും രണ്ടുവിക്കറ്റുണ്ട്. രവീന്ദ്ര ജഡേജയ്ക്കും ഷമിക്കും ഓരോ വിക്കറ്റ്. അങ്ങേയറ്റം ക്ഷമയോടെ ക്രീസില്‍ നിലയുറപ്പിച്ച ഡറില്‍ മിച്ചലാണ് (63) ന്യൂസീലന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍. മിച്ചല്‍ ബ്രേസ്വെല്‍ (40 പന്തില്‍ 53*) അര്‍ധ സെഞ്ചുറി നേടി പുറത്താവാതെ നിന്നു.
വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുരുങ്ങി വില്‍ യങ് (15) ആണ് ആദ്യം മടങ്ങിയത്. 11-ാം ഓവറില്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ രചിന്‍ രവീന്ദ്ര (29 പന്തില്‍ 37) ബൗള്‍ഡായി. രവീന്ദ്രയുടെ മൂന്ന് ക്യാച്ചുകള്‍ ഇന്ത്യ കൈവിട്ട ശേഷമായിരുന്നു അത്. തൊട്ടടുത്ത ഓവറില്‍ കെയിന്‍ വില്യംസണെ (14 പന്തില്‍ 11) പുറത്താക്കി കുല്‍ദീപ് വിക്കറ്റ് നേട്ടം രണ്ടാക്കി ഉയര്‍ത്തി. റിട്ടേണ്‍ വന്ന പന്ത് കുല്‍ദീപ് തന്നെ കൈപ്പിടിയിലൊതുക്കുകയായിരുന്നു.
പിന്നാലെ ടോം ലാഥമിനെ (14) രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നില്‍ കുരുക്കി. പിന്നീട് ഗ്ലെന്‍ ഫിലിപ്‌സിനെ (52 പന്തില്‍ 34) മടക്കി വരുണ്‍ ചക്രവര്‍ത്തി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. അര്‍ധ സെഞ്ചുറിയോടെ ന്യൂസീലന്‍ഡിന്റെ ടോപ് സ്‌കോററായ ഡറില്‍ മിച്ചലിനെ മുഹമ്മദ് ഷമി രോഹിത്തിന്റെ കൈകളിലേക്ക് നല്‍കിയ തിരിച്ചയച്ചു. തകര്‍ന്ന ന്യസീലന്‍ഡിനായി ക്ഷമയോടെ ബാറ്റേന്തുക എന്ന ദൗത്യം മിച്ചല്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. 101 പന്തുകള്‍ നേരിട്ട അദ്ദേഹം 63 റണ്‍സ് നേടി. മൂന്ന് ഫോറുകളൊഴിച്ചാല്‍ ബാക്കിയെല്ലാം വിക്കറ്റുകള്‍ക്കിടയിലൂടെ ഓടിയെടുത്തതാണ് ഡറില്‍. 49-ാം ഓവറില്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ഡബിളിനായി ശ്രമിച്ച് റണ്ണൗട്ടായി. ഡീപില്‍നിന്ന് വിരാട് കോലിയെറിഞ്ഞ ഉഗ്രന്‍ ത്രോ കെ.എല്‍. രാഹുല്‍ കൈയിലൊതുക്കി സ്റ്റമ്പ് ചെയ്യുകയായിരുന്നു.
ഗംഭീരമായിരുന്നു കിവികളുടെ തുടക്കം. ആദ്യ മൂന്നോവറുകള്‍ കരുതിക്കളിച്ച ഓപ്പണര്‍മാര്‍, ഹാര്‍ദിക് എറിഞ്ഞ നാലാം ഓവര്‍ തൊട്ട് ബാറ്റിങ് സ്വഭാവം മാറ്റി. രചിന്‍ രവീന്ദ്രയാണ് ആക്രമണാത്മക ശൈലിക്ക് തുടക്കമിട്ടത്. ഒന്നാംവിക്കറ്റില്‍ 57 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും 18 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു.
മികവോടെ മുന്നോട്ടുപോവുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ പെട്ടെന്ന് വീഴ്ത്തി ഇന്ത്യ ന്യൂസീലന്‍ഡിന്റെ ആത്മവിശ്വാസം ചോര്‍ത്തി. അവിടെനിന്ന് പിന്നീട് കരകയറാന്‍ ന്യൂസീലന്‍ഡിനായില്ല. ആധിപത്യം നഷ്ടപ്പെട്ട ന്യൂസീലന്‍ഡിന് പിന്നീട് താളം കണ്ടെത്തുക ദുഷ്‌കരമായി. ആദ്യ പത്തോവറില്‍ 69 റണ്‍സ് നേടിയ ബ്ലാക്ക് ക്യാപ്പുകാര്‍ക്ക്, പിന്നീടുള്ള പത്തോവറില്‍ 24 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ഇന്ത്യയുടെ സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റ് കൈയില്‍ പന്തെടുത്തുതുടങ്ങിയതോടെയാണ് ന്യൂസീലന്‍ഡ് സ്‌കോറിന് വേഗം കുറഞ്ഞത്. മത്സരത്തിലെ 38 ഓവറും സ്പിന്നര്‍മാരാണ് എറിഞ്ഞത്. ഓപ്പണിങ് വിക്കറ്റില്‍ വില്‍ യങ്-രചിന്‍ രവീന്ദ്ര സഖ്യം 48 പന്തില്‍ 57 റണ്‍സ് നേടിയിരുന്നെങ്കില്‍ നാലാം വിക്കറ്റില്‍ ഡറില്‍ മിച്ചല്‍-ടോം ലാഥം സഖ്യം 66 പന്തില്‍ നേടിയത് 33 റണ്‍സ് മാത്രം. ആദ്യ പത്തോവറില്‍ നേടിയ അതേ റണ്‍സ് തുടര്‍ന്നുള്ള 20 ഓവറില്‍ നേടാന്‍ ന്യൂസീലന്‍ഡിനെക്കൊണ്ട് കഴിയാത്തവിധം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കി. 14-ാം ഓവറില്‍ ഡറില്‍ മിച്ചല്‍ ബൗണ്ടറി നേടിയതില്‍പ്പിന്നെ 27-ാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്സ് സിക്സ് നേടിയാണ് പന്തൊന്ന് അതിര്‍ത്തി കടന്നുകണ്ടത്. ഇതിനിടെയുള്ള 81 പന്തുകളില്‍ ഒറ്റ ഫോറോ സിക്സോ പിറന്നില്ല.
ഇന്ത്യക്കിത് തുടര്‍ച്ചയായി 15-ാം തവണയാണ് ഏകദിനത്തില്‍ ടോസ് നഷ്ടപ്പെടുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായി 12-ാം തവണയാണ് രോഹിത് ശര്‍മയ്ക്ക് ടോസ് നഷ്ടപ്പെടുന്നത്. ഇക്കാര്യത്തില്‍ വിന്‍ഡീസ് ഇതിഹാസം ബ്രെയിന്‍ ലാറയുടെ റെക്കോഡിനൊപ്പമെത്തി. 1998 ഒക്ടോബര്‍ മുതല്‍ 1999 മേയ് വരെയായി 12 തവണ ലാറയ്ക്കും ടോസ് നഷ്ടപ്പെട്ടിരുന്നു. ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. ന്യൂസീലന്‍ഡ് ടീമില്‍ പരിക്കേറ്റ മാറ്റ് ഹെന്റിക്ക് പകരം നഥാന്‍ സ്മിത്തിനെ ഉള്‍പ്പെടുത്തി.
ചാമ്പ്യന്‍സ് ട്രോഫിയില്‍ 2000-ല്‍ ഇരു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ന്യൂസീലന്‍ഡിനായിരുന്നു വിജയം. ഇത്തവണ ഇന്ത്യ ഇതുവരെ തോല്‍ക്കാതെയാണ് ഫൈനലിനിറങ്ങിയത്. അതേസമയം ന്യൂസീലന്‍ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് തോറ്റിരുന്നു. സെമിയില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് എത്തിയതെങ്കില്‍, ഓസീസിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വരവ്. ഇന്ത്യയുടെ നാലാം ചാമ്പ്യന്‍സ് ട്രോഫി ഫൈനലാണിത്. മുന്‍പ് രണ്ടുതവണ കിരീടം നേടിയിരുന്നു.