കൊച്ചി:നഗരത്തില്‍ ജ്വല്ലറിയിൽ മോഷണ ശ്രമം. സ്വർണാഭരണങ്ങളടങ്ങിയ ട്രേ എടുത്ത് ഓടിയ ആളെ ജീവനക്കാർ ഓടിച്ചിട്ട് പിടികൂടി. പാലക്കാട് സ്വദേശി മനുവാണ് പിടിയിലായത്. ജീവനക്കാർക്ക് നേരെ എയർഗൺ ചൂണ്ടി ഭീഷണി പെടുത്തിയായിരുന്നു ഇയാളുടെ മോഷണ ശ്രമം. മനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനുവിന്‍റെ പക്കലുണ്ടായിരുന്ന എയർഗൺ മോഷ്ടിച്ചതെന്ന് പൊലീസ് വിശദമാക്കി.
ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിലായി. കൊല്ലപ്പെട്ട കുമ്പിടിയാമാക്കൽ ചിന്നമ്മ ആൻണിയുടെ അയൽവാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കൽ തോമസ് വർഗീസ് ആണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ടാണ് ചിന്നമ്മ ആൻറണിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവ ദിവസം ഉച്ചക്കു ശേഷം ആയൽവാസിയായ സജിയെന്നു വിളിക്കുന്ന തോമസ് വർഗീസ് ചിന്നമ്മയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറത്ത് തുണി അലക്കിക്കൊണ്ടിരുന്ന ചിന്നമ്മ തോമസിനെ കണ്ട് അടുത്തെത്തിയപ്പോൾ ഇയാൾ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ അടുക്കളയിലേക്കു പോയ ചിന്നമ്മയുടെ പുറകെയെത്തിയ തോമസ് ഇവരെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് ഇവരുടെ ദേഹത്തുണ്ടായിരുന്ന രണ്ടു വളകളും മാലയും മോഷ്ടിച്ചു. സംഭവ ദിവസവും പിറ്റേന്നും ഇയാൾ വീട്ടിലെത്തുകയും ചെയ്തു. അന്വേഷണം തന്നിലേക്കെത്തുമെന്നുറപ്പോയപ്പോഴാണ് ഇയാള്‍ സ്ഥലം വിട്ടത്. മോഷ്ടിച്ച ആഭരണങ്ങൾ പണയം വച്ച് ഒന്നേകാൽ ലക്ഷം രൂപ വാങ്ങി. സമീപത്തുള്ള ചില സ്ത്രികൾ ഇയാൾ മോശമായി പെരുമാറിയതായി പൊലീസിനോട് പറഞ്ഞിരുന്നു. പല സ്ഥലത്തും ഇയാൾ ഹോം നഴ്സായും ജോലി ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ട ചിന്നമ്മയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടോയെന്നും പൊലീസിന് സംശയമുണ്ട്. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാളിത് സമ്മതിച്ചിട്ടില്ല. ചിന്നമ്മ കരയാൻ ശ്രമിച്ചപ്പോൾ ശബ്ദം പുറത്തു വരാതിരിക്കാൻ ഇയാൾ വായ്ക്കുള്ളിൽ കൈ കടത്തി നാക്കു പുറത്തേക്ക് വലിച്ചു പിടിച്ചതായും പൊലീസിനോട് പറഞ്ഞു. കമ്പത്തു നിന്നുമാണ് കട്ടപ്പന ഡിവൈഎസ് പി വി എ നിഷാദ്മോൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. സാഹചര്യത്തെളിവുകൾക്കൊപ്പം തെളിവു നശിപ്പിക്കാൻ തോമസ് നടത്തിയ ശ്രമങ്ങൾ അന്വേഷണത്തിൽ നിർണായകമായി.