കോഴിക്കോട്: മൂലധന സ്വഭാവത്തിലേക്ക് മാറിയതോടെ കേരളത്തിലെ ഇടതുപക്ഷം ദുര്‍ബലമായെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍. എംബസി കാലം എന്ന പംക്തിയില്‍ പിണറായി വിജയനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് മുകുന്ദന്റെ ഇടതുപക്ഷത്തെ കുറിച്ചുള്ള വിമര്‍ശനം. ഇടതുപക്ഷവും വലതുപക്ഷവും തമ്മിലിപ്പോള്‍ വേര്‍തിരിവില്ലെന്നും മുകുന്ദന്‍ പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിദ്യാര്‍ഥികളുടെ ബിരുദദാന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇടതുപക്ഷമാണെന്ന് പറയുമ്പോഴും മൂലധന വ്യവസ്ഥിതിയുടെ സ്വഭാവമാണ് നമ്മള്‍ പിന്തുടരുന്നതെന്ന് മുകുന്ദന്‍ പറഞ്ഞു. മൂലധന സ്വഭാവം സ്വാംശീകരിച്ചതിലൂടെ ഇടത് പക്ഷം ദുര്‍ബലമായി. ഇപ്പോള്‍ ഇടത്- വലത് പക്ഷങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി പോലും അറിയാത്ത അവസ്ഥയാണുള്ളത്. മൂലധന വ്യവസ്ഥിതിയുടെ ഭാഗമായ മത്സരം, ഉപഭോഗവത്കരണം എന്നിവ ഇടതുപക്ഷത്തിന്റെ സ്വഭാവത്തിന് എതിരാണെന്നും എം. മുകുന്ദന്‍ പറഞ്ഞു.
ഇടതുപക്ഷവും വലതുപക്ഷവും പരസ്പരം വ്യത്യാസങ്ങളില്ലാതെയുള്ള കാലത്തിലൂടെയാണ് രാഷ്ട്രീയത്തിന്റെ സഞ്ചാരം. കേരളത്തിലെ ജനങ്ങള്‍ക്ക് ഇടതുപക്ഷ മനോഭാവമുണ്ടെന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ നമ്മള്‍ പിന്തുടരുന്നത് മൂലധന വ്യവസ്ഥിതിയുടെ നിയമങ്ങളും സ്വഭാവങ്ങളുമാണ്. അതുകൊണ്ടുതന്നെയാണ് ഇവിടെ ഇടതുപക്ഷം ദുര്‍ബലമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരിന്റെ പക്ഷത്ത് നിന്ന് സത്യത്തെ സംരക്ഷിക്കുക എന്ന കടമ നിര്‍വഹിക്കുന്ന ഗണ്‍രഹിത ഗണ്‍മാന്മാരാണ് മാധ്യമപ്രവര്‍ത്തകര്‍. എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ഒരേ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടവരാണ്. സത്യം എന്നത് രാഷ്ട്രീയത്തില്‍ നിന്നും മതത്തില്‍ നിന്നും മറ്റും ബഹിഷ്‌കൃതനായി, അലയുന്ന കാലത്ത് തലചായ്ക്കാനൊരിടം കണ്ടെത്തിയിരിക്കുന്നത് മാധ്യമപ്രവര്‍ത്തനത്തിലും സര്‍ഗാത്മക സാഹിത്യത്തിലുമാണെന്നും മുകുന്ദന്‍ പറഞ്ഞു.