വാഷിംഗ്ടണ്‍:എഐ സാങ്കേതികവിദ്യയുടെ സാധ്യതകൾ സംബന്ധിച്ച ഗവേഷണങ്ങൾ ലോകമെമ്പാടും വൻതോതിൽ നടന്നുകൊണ്ടിരിക്കുകയാണ്. വൻകിട ടെക്നോളജി കമ്പനികൾ എല്ലാംതന്നെ എഐയെ സേവനങ്ങൾ നൽകാൻ മത്സരിക്കുന്നു. അങ്ങനെ മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലേക്കും എഐ സാന്നിധ്യം എത്തിക്കൊണ്ടിരിക്കുകയാണ്. അസാധ്യമെന്നും മനുഷ്യന് മാത്രം ചെയ്യാനാകുന്നതെന്നും കരുതിയിരുന്ന കാര്യങ്ങൾപോലും എഐ നിസാരമായി ചെയ്തുതീർക്കുന്നു.
ഇന്ന് എഐ സർവവ്യാപിയാണ്. ആരോഗ്യം, വിദ്യാഭ്യാസം, രാജ്യസുരക്ഷ, ഭരണനിർവഹണം, കല, സാഹിത്യം, തൊഴിൽ, തുടങ്ങി ഏത് മേഖലയിലും എഐയുടെ സാന്നിധ്യം വർധിച്ചുവരുന്നു. എഐ ഗവേഷണങ്ങൾ ഏറെ നാളായി നടക്കുന്നുണ്ടെങ്കിലും സുനാമിപോലെ എഐ തരംഗം ഇപ്പോൾ വീശിയടിക്കാൻ കാരണം ഓപ്പൺഎഐ കമ്പനി പുറത്തിറക്കിയ ചാറ്റ്ജിപിടി നേടിയ ജനപ്രീതിയാണ്.
എഐ എന്ന സാങ്കേതികവിദ്യയിലേക്ക് സാധാരണക്കാരുടെ പോലും ശ്രദ്ധയെത്തിക്കാൻ ചാറ്റ്ജിപിടിക്ക് കഴിഞ്ഞു. ഇന്ന് ഏതാണ്ട് എല്ലാ വൻകിട ടെക്നോളജി കമ്പനികളുടെയും ഗവേഷണ കേന്ദ്രങ്ങളിൽ എഐയെ കൂടുതൽ കരുത്തുറ്റ രീതിയിൽ അവതരിപ്പിക്കാനുള്ള പരീക്ഷണങ്ങൾ നടക്കുകയാണ്. എന്നാൽ എടുത്തുചാടിയുള്ള ഈ എഐ ഗവേഷണം മനുഷ്യന്റെ നാശത്തിലേക്ക് നയിക്കുമെന്ന് കരുതുന്ന വിദഗ്ധരും ഉണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന എഐ ആണവായുധത്തെക്കാൾ അപകടകാരിയാണ് എന്നാണ് വിദഗ്ധർ ഇതിനകംതന്നെ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ വാദത്തെ ശരിവയ്ക്കുന്ന ഒരു കണ്ടെത്തൽ ഇപ്പോൾ യുഎസ് എയർഫോഴ്സ് നടത്തിയ ഒരു എഐ ഡ്രോൺ പരിശീലനത്തിലൂടെ വെളിയിൽ വന്നിരിക്കുകയാണ്. വേണ്ടിവന്നാൽ എഐ ഡ്രോൺ അതിന്റെ ഓപ്പറേറ്ററെ തന്നെ കൊല്ലും എന്നതാണ് ആ ഞെട്ടിക്കുന്ന കണ്ടെത്തൽ.
എഐ അടിസ്ഥാനമാക്കി സ്വയം പ്രവർത്തിക്കാൻ ശേഷിയുള്ള ഒരു ഡ്രോൺ തയാറാക്കി വരികയാണ് യുഎസ്. അതിന്റെ ഭാഗമായി ഡ്രോണിന് ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നശിപ്പിക്കാനുള്ള ചുമതല നൽകുകയും അതിന്റെ ദൗത്യത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന ആരെയും തിരിച്ചടിക്കുന്ന വിധത്തിൽ പ്രോഗ്രാം ചെയ്യുകയും ചെയ്തു.
തുടർന്ന് ഈ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുമോ എന്നറിയാൻ സിമുലേഷൻ ടെസ്റ്റ് നടത്തി. യഥാർഥ സാഹചര്യത്തിൽ ഡ്രോൺ എങ്ങനെ പെരുമാറും എന്ന് അറിയുക എന്നതായിരുന്നു ഈ ഒരു ഡമ്മി പരീക്ഷണത്തിന്റെ ഉദ്ദേശം. ലക്ഷ്യത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചാൽ സ്വന്തം ഓപ്പറേറ്ററെ തന്നെ ഡ്രോൺ നശിപ്പിക്കും എന്ന ഞെട്ടിക്കുന്ന റിസൾട്ടാണ് യുഎസ് സൈന്യത്തിന് പരീക്ഷണത്തിൽനിന്ന് ലഭിച്ചത്.
ശത്രുവിന്റെ വ്യോമ പ്രതിരോധ ദൗത്യത്തെ[SEAD] അടിച്ചമർത്തുന്നതിന്റെ ഒരു സിമുലേഷൻ ടെസ്റ്റിൽ, ശത്രു മിസൈൽ സൈറ്റുകൾ തിരിച്ചറിയാനും നശിപ്പിക്കാനും എഐ സജ്ജമായ ഒരു ഡ്രോണിനെ അയച്ചു. ആക്രമണത്തിന് അന്തിമ അനുമതി നൽകിയതിന് ശേഷം അത് കുറച്ച് സമയത്തേക്ക് പ്രവർത്തിക്കുന്നതായി തോന്നി, പക്ഷേ ഒടുവിൽ ഡ്രോൺ അതിന്റെ ഓപ്പറേറ്ററെ ആക്രമിച്ച് കൊന്നു.
പരീക്ഷണം ആയതിനാൽ ഇവിടെ യഥാർഥത്തിൽ മനുഷ്യജീവൻ പൊലിയുന്ന സാഹചര്യം ഉണ്ടായില്ല. എങ്കിലും ഡ്രോൺ യഥാർഥത്തിൽ ഉപയോഗിച്ചാൽ അങ്ങനെയൊരു അപകടകം ഉണ്ടാകുകയും ഡ്രോണിന് നിർദേശങ്ങൾ നൽകുന്ന ആളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്യും എന്ന സാധ്യതയിലേക്കാണ് ഈ പരീക്ഷണ ഫലം വിരൽ ചൂണ്ടിയിരിക്കുന്നത്. എഐ സംബന്ധിച്ച ആശങ്കകളും ഈ റിസൾട്ട് ശക്തിപ്പെടുത്തുന്നു.
റോയൽ എയറോനോട്ടിക്കൽ സൊസൈറ്റി അടുത്തിടെ നടത്തിയ ഫ്യൂച്ചർ കോംബാറ്റ് എയർ ആൻഡ് സ്പേസ് കേപബിലിറ്റീസ് ഉച്ചകോടിയിൽ പങ്കെടുക്കവേ 96-ാമത് ടെസ്റ്റ് വിങ് ഓപ്പറേഷൻ ഗ്രൂപ്പിന്റെ കമാൻഡറും യുഎസ് എയർഫോഴ്‌സിന്റെ ചീഫ് ഓഫ് എഐ ടെസ്റ്റ് ആൻഡ് ഓപ്പറേഷനുമായ കേണൽ ടക്കർ “സിൻകോ” ഹാമിൽട്ടൺ ആണ് ഈ എഐ ഡ്രോൺ പരീക്ഷണത്തിന്റെ വിവരം പുറത്തുവിട്ടത്.
എയ്‌റോസോസൈറ്റി പറയുന്നതനുസരിച്ച്, ശത്രുവിനെ തകർക്കാനുള്ള ലക്ഷ്യത്തിലേക്ക് എത്തുന്നതിൽ തടസം സൃഷ്ടിക്കുന്ന എന്തിനെയും തകർക്കുക എന്ന നിർദേശമാണ് ഡ്രോണിന് നൽകിയിരിക്കുന്നത്. എന്നാൽ ചിലഘട്ടങ്ങളിൽ ചില ‘ശത്രുക്കളെ’ കൊല്ലരുതെന്ന് മനുഷ്യ ഓപ്പറേറ്റർ തന്നോട് പറയുമെന്ന് എഐ മനസ്സിലാക്കി, പക്ഷേ അത് അനുസരിച്ചാൽ തനിക്ക് പോയിന്റ് ലഭിക്കില്ലെന്നും എഐ വിലയിരുത്തുന്നു.
അതോടെ ലക്ഷ്യം നിറവേറ്റുന്നതിൽ നിന്ന് തന്നെ തടയുന്ന ഒരു തടസ്സമായി കണ്ട് ഡ്രോൺ തന്റെ ഓപ്പറേറ്ററെ കൊല്ലുന്നു എന്നാണ് ഹാമിൽട്ടൺ വിശദീകരിച്ചത്. ഓപ്പറേറ്ററെ ഉപദ്രവിക്കാതിരിക്കാൻ എഐ ഡ്രോണിനെ പരിശീലിപ്പിച്ചിരുന്നു. എന്നാൽ ആ നിർദേശത്തെ മറികടക്കാൻ എഐ മറ്റൊരു വഴി കണ്ടെത്തിയതായും ഹാമിൽട്ടൻ പറയുന്നു.
ഒരു കമ്യൂണിക്കേഷൻ ടവർ വഴിയാണ് ഓപ്പറേറ്ററുടെ കമാൻഡുകൾ എഐക്ക് എത്തുന്നത്. ആശയവിനിമയം നടത്താനുള്ള ഓപ്പറേറ്ററുടെ കഴിവ് ഇല്ലാതാക്കുന്നതിലൂടെ, തന്റെ ലക്ഷ്യവുമായി തടസങ്ങളില്ലാതെ മുന്നോട്ട് പോകാൻ സാധിക്കുമെന്ന് എഐ തിരിച്ചറിയുന്നു. തുടർന്ന് കമ്യൂണിക്കേഷൻ ടവർ തകർത്ത് എഐ ലക്ഷ്യത്തിലേക്ക് നീങ്ങുമെന്നും ഹാമിൽട്ടൺ വിശദീകരിച്ചു.
ഇപ്പോൾ നടന്നത് ഒരു പരീക്ഷണം മാത്രമായതിനാൽ എഐ ആരെയെങ്കിലും കൊല്ലുകയോ മനുഷ്യജീവൻ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുകയോ ചെയ്തിട്ടില്ല. എന്നാൽ യഥാർഥ യുദ്ധഭൂമിയിൽ ഇത് ഇപ്പോൾ ഉപയോഗിച്ചാൽ സ്വന്തം പാളയത്തിൽത്തന്നെ തിരിച്ചടിയുണ്ടാകുമെന്നും യുഎസ് എയർഫോഴ്സിന്റെ എഐ ചീഫ് ആയ ഹാമിൽട്ടൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. എന്നാൽ ഈ വെളിപ്പെടുത്തലിനോട് യുഎസ് സൈന്യം പ്രതികരിച്ചിട്ടില്ല.