വാട്‌സ്ആപ്പും ഫേസ്ബുക്കും ഉപയോഗിക്കാന്‍ ഇനിമുതല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം! ശക്തമായ നിയന്ത്രണവുമായി ഐ.ടി മന്ത്രാലയം
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഐഡന്റിറ്റി വെരിഫിക്കേഷന്‍ ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നിവയ്ക്കാണ് ശക്തമായ നിയന്ത്രണം കൊണ്ടുവരുന്നത്. ഇതോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ തുടര്‍ന്നും അവയെല്ലാം ഉപയോഗിക്കാന്‍ തങ്ങളുടെ തിരിച്ചറിയല്‍ അടയാളമോ രേഖയോ നല്‍കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. വ്യാജ വാര്‍ത്തകള്‍,അപകടകരമായ ഉള്ളടക്കങ്ങള്‍, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍, വര്‍ണവിവേചനം, ലിംഗപരമായ അധിക്ഷേപം തുടങ്ങി വ്യക്തികളെയും സമൂഹത്തെയും ഒന്നടങ്കം ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് തടയിടാനാണ് ഈ നീക്കം.
പേഴ്‌സ്ണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019 പ്രകാരമാണ് ഇത്തരം ഒരു സംവിധാനം നടപ്പിലാക്കുന്നത് എന്നാണ് ഐടി മന്ത്രാലയം പറയുന്നത്. സോഷ്യല്‍ മീഡിയ നിയന്ത്രണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് തീരുമാനിച്ചെന്നും സോഷ്യല്‍മീഡിയ അക്കൗണ്ട് ഉടമയുടെ ഐഡന്റിറ്റി പരിശോധന നിര്‍ബന്ധമാക്കേണ്ടത് പരിഗണിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ നിയമ മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്നും ഇത് നിയമമായി പെട്ടന്ന് തന്നെ പുറത്തിറങ്ങാന്‍ സാധ്യതയുണ്ടുമാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
പേഴ്‌സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019 പ്രകാരം സോഷ്യല്‍ മീഡിയ കമ്പനികള്‍ ‘വോളണ്ടറി വെരിഫിക്കേഷന്‍’ സംവിധാനം തങ്ങളുടെ യൂസര്‍മാരുടെ അക്കൗണ്ടുകള്‍ക്ക് മുകളില്‍ ഏര്‍പ്പെടുത്തണം. എല്ലാ ഉപയോക്താക്കള്‍ക്കും പൊതുവായി കാണാന്‍ കഴിയുന്ന ബയോമെട്രിക് അല്ലെങ്കില്‍ ഫിസിക്കല്‍ ഐഡന്റിഫിക്കേഷന് സമാനമായ പരിശോധനയുടെ ദൃശ്യവും ദൃശ്യപരവുമായ അടയാളം നല്‍കണം എന്നതാണ് പറയുന്നത്. ഇതോടെ ആധാര്‍ അടക്കമുള്ള സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ചിലപ്പോള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് നിര്‍ബന്ധമാക്കിയേക്കും.
നിയമം നടപ്പിലാക്കുകയാണെങ്കില്‍ ഫെയ്‌സ്ബുക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ പോലുള്ള പ്ലാറ്റ്ഫോമുകളില്‍ നിലവില്‍ വെരിഫൈഡ് അക്കൗണ്ട് ഉള്ളവര്‍ വീണ്ടും വെരിഫിക്കേഷന്‍ നടത്തേണ്ടി വരും. അക്കൗണ്ട് വെരിഫിക്കേഷന് വേണ്ടിയുള്ള യൂസര്‍മാരുടെ സെക്യൂരിറ്റി ചെക്ക് നടത്താനുള്ള മാര്‍ഗങ്ങള്‍ അതാത് സോഷ്യല്‍ മീഡിയ കമ്പനികള്‍ തന്നെ വികസിപ്പിച്ചെടുക്കേണ്ടി വരും. നേരത്തെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി എത്തിയിരുന്നു. ഇതിനുള്ള സാധ്യത സര്‍ക്കാരിനോട് ആരായണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായാണ് കോടതിയെ സമീപിച്ചത്.