ഒരു രൂപയ്ക്ക് ഇഡ്ഡലി! ശുദ്ധമായ പച്ചക്കറി ചേര്‍ത്തുണ്ടാക്കുന്ന കിടിലന്‍ സാമ്പാര്‍; കമലത്താളുടെ കടയുടെ മുന്നില്‍ എന്നും നീണ്ട നിരയാണ്, വിലകുറച്ച് നല്‍കുന്നതിന്റെ കാരണം ഇതാണ്
ചെന്നൈ: ഒരു രൂപയ്ക്ക് ഇഡ്ഡലി, ശുദ്ധമായ പച്ചക്കറി ചേര്‍ത്തുണ്ടാക്കുന്ന കിടിലന്‍ സാമ്പാര്‍. തുച്ഛമായ തുകയ്ക്ക് സ്വാദിഷ്ടമായി ഭക്ഷണവുമായി കമലത്താള്‍ ജനങ്ങളെ ഊട്ടാന്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷം. ഇവിടെ എത്തുന്നവരാരും ആ സ്പെഷ്യല്‍ ഇഡ്ഡലിയും സാമ്പാറും കഴിക്കാതെ മടങ്ങില്ല. അത്രക്ക് രുചിയാണ് കമലത്താളിന്റെ ഇഡ്ഡലിക്ക്.
തലേന്ന് അരച്ചുവെച്ച മാവെടുത്ത് ഇഡ്ഡലി ചുടും. ദിവസവും ആയിരം ഇഡ്ഡലി വരെ കമലത്താള്‍ ഉണ്ടാക്കും. വീട്ടില്‍ വെച്ച് തന്നെയാണ് പാചകം. രാവിലെ തന്നെ കമലത്താളിന്റെ കടക്കുമുന്നില്‍ നീണ്ട നിര തന്നെ പ്രത്യക്ഷപ്പെടും. വയറും മനസും ഒരുപോലെ നിറഞ്ഞാണ് ആളുകള്‍ കഴിച്ച ശേഷം മടങ്ങുന്നത്. കൂട്ടുകുടുംബത്തില്‍ ജനിച്ചതിനാല്‍ ഒരുപാടുപേര്‍ക്ക് ആഹാരമുണ്ടാക്കുന്നത് തനിക്ക് ശ്രമകരമായി തോന്നിയിട്ടേയില്ലെന്ന് കമലത്താള്‍ പറയുന്നു.
ആറ് കിലോ അരിയും ഉഴുന്നും അരച്ചെടുക്കാന്‍ എടുക്കുന്നത് നാല് മണിക്കൂര്‍ ആണ്. വൈകീട്ടുതന്നെ മാവ് അരച്ചുവയ്ക്കും. ശുദ്ധമായ മാവ് മാത്രമേ ദിവസവും ഉപയോഗിക്കാറുള്ളുവെന്നും ഈ മുത്തശ്ശി പറയുന്നു. ഉച്ചവരെയാണ് കമലത്താളിന്റെ വീട്ടില്‍ ഇഡ്ഡലി വില്‍പ്പന നടക്കുന്നത്. ആലിലയിലോ തേക്കിന്റെ ഇലയിലോ ആണ് ഭക്ഷണം നല്‍കുക.
വില കൂട്ടിക്കൂടെ എന്ന് ചോദിക്കുന്നവരോട് കമലത്താളിന് പറയാനുള്ള മറുപടി ഇതാണ്. ‘തന്നെ തേടിയെത്തുന്നവരെല്ലാം പാവപ്പെട്ടവരാണ് 10, 15 രൂപ വച്ച് ചോദിച്ചാല്‍ ദിവസവും തരാന്‍ അവര്‍ക്കാവില്ല., 10 വര്‍ഷം മുമ്പ് 50 പൈസയായിരുന്നു ഒരു ഇഡ്ഡലിയുടെ വില. പിന്നീടത് ഒരു രൂപയാക്കി. ഇനിയും വിലകൂട്ടാന്‍ പറ്റില്ല, പാവങ്ങളല്ലേ’. ലാഭമുണ്ടാക്കുകയല്ല ആളുകളുടെ വിശപ്പുശമിക്കുകയാണ് ലക്ഷ്യം’ മുത്തശ്ശി പറയുന്നു.