299 രൂപയ്ക്കോ 499 രൂപയ്ക്കോ എന്നെ ലഭിക്കില്ല, താനൊരു ബിഗ്‌സ്‌ക്രീൻ ഹീറോ- ജോൺ എബ്രഹാം
താനൊരു ബിഗ് സ്‌ക്രീന്‍ ഹീറോയാണെന്ന് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. ‘ഏക് വില്ലന്‍ റിട്ടേണ്‍സ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെയാണ് ജോണ്‍ എബ്രഹാം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടി മാത്രമായി സിനിമകള്‍ ചെയ്യുന്ന സംസ്‌കാരം കോവിഡ് കാലത്താണ് സജീവമായത്. ഇതെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജോണ്‍.
എനിക്ക് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഇഷ്ടമാണ്. പക്ഷെ ഒരു സിനിമാ നിര്‍മാതാവെന്ന നിലയില്‍ മാത്രമാണത്. ഒടിടി പ്രേക്ഷകര്‍ക്ക് വേണ്ട സിനിമകള്‍ നിര്‍മ്മിക്കാനിഷ്ടമാണ്. പക്ഷെ ഒരു നടനെന്ന നിലയില്‍ ബിഗ് സ്‌ക്രീനിനോടാണ് താല്‍പര്യം. എന്നെ 299 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ സ്‌ക്രീനില്‍ കാണാന്‍ സാധിക്കുകയില്ല. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പകുതിയ്ക്ക് വച്ച് നിര്‍ത്തിപ്പോകുന്നത് എന്നില്‍ അനിഷ്ടമുണ്ടാക്കും. ഞാനൊരു ബിഗ് സക്രീന്‍ ഹീറോയായിരുന്നു, ആണ്, അങ്ങനെ തന്നെ തുടരാനാണ് ഇഷ്ടം- ജോണ്‍ എബ്രഹാം പറഞ്ഞു.
ഹിന്ദിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന താന്‍ മറ്റ് ഭാഷകളിലെ ചിത്രങ്ങളില്‍ സഹനടനായി അഭിനയിക്കില്ലെന്ന് ജോണ്‍ എബ്രഹാം നേരത്തെ പറഞ്ഞിരുന്നു. ബോളിവുഡ് താരങ്ങളില്‍ ഒട്ടേറെപേര്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ വില്ലനും സഹതാരവുമൊക്കെയായി അഭിനയിക്കുന്നുണ്ട്. ഇതെക്കുറിച്ച് ചോദിച്ചപ്പോഴാണ് ജോണ്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
ജൂലൈ 29നാണ് ‘ഏക് വില്ലന്‍ റിട്ടേണ്‍സ്’ റിലീസ് ചെയ്യുന്നത്. മോഹിത് സൂരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അര്‍ജുന്‍ കപൂര്‍, ദിഷ പട്ടാനി, താര സുതാരിയ എന്നിവരാണ് മറ്റു താരങ്ങള്‍