FeaturedKeralaNews

കനത്ത ചൂട്‌; 12 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്, രാവിലെ 9 മണി മുതൽ തന്നെ കരുതൽ വേണം

തിരുവനന്തപുരം: താപനില 40 ഡിഗ്രി സെൽഷ്യസോടടുത്തതോടെ കേരളം രാപകൽ തീച്ചൂളയിൽ. കുറഞ്ഞ താപനില പോലും 30 ഡിഗ്രി  സെൽഷ്യസിനടുത്താണ്. രാവിലെ 11 മുതലുള്ള വെയിൽ നേരിട്ട് ഏൽക്കരുതെന്നാണ് ഔദ്യോഗിക മുന്നറിയിപ്പെങ്കിലും രാവിലെ 9 മുതൽ തന്നെ പുറത്തിറങ്ങാതിരിക്കുന്നതാണു നല്ലതെന്ന് ആരോഗ്യ – കാലാവസ്ഥാ വിദഗ്ധർ പറയുന്നു. 

പകൽ 12 മുതൽ 3 വരെ കൃഷിപ്പണി ഒഴിവാക്കണമെന്നും ഈ സമയത്ത് രാസകീടനാശിനികൾ പ്രയോഗിക്കരുതെന്നും കേരള കാർഷിക സർവകലാശാല നിർദേശിച്ചു. ചൂട് കുറയാൻ മേയ് പകുതി വരെയെങ്കിലും കാത്തിരിക്കണം.

ഇടുക്കിയും വയനാടും ഒഴികെ 12 ജില്ലകളിലും ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. മിക്ക ജില്ലകളിലും വരുംദിവസങ്ങളിൽ താപനില പതിവിലും 2–4 ഡിഗ്രി കൂടുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഏറ്റവും കടുത്ത മുന്നറിയിപ്പ്. ഇന്നുമുതൽ കൂടുതൽ വേനൽമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. വടക്കൻ ജില്ലകളിലും മഴയ്ക്കു സാധ്യതയുണ്ട്. 

സംസ്ഥാനത്ത് വരൾച്ചയെത്തുടർന്ന് 40 കോടി രൂപയുടെ കൃഷിനാശം. ജനുവരി 1 മുതൽ കഴിഞ്ഞയാഴ്ച വരെയുള്ള കണക്കാണിത്. ഏഴായിരത്തോളം കർഷകരുടെ 2600 ഹെക്ടർ കൃഷി നശിച്ചു. പാലക്കാട് ജില്ലയിലാണ് കൂടുതൽ നാശം. ഉണങ്ങിയ തെങ്ങോലകൾ, തൊണ്ട്, വിള അവശിഷ്ടങ്ങൾ എന്നിവ ഉപയോഗിച്ചു കൃഷിയിടങ്ങളിൽ പുതയിടണമെന്നു കേരള കാർഷിക സർവകലാശാല നിർദേശിക്കുന്നു.

അണക്കെട്ടുകളിലും നദികളിലും ജലനിരപ്പ് താഴുന്നതിനൊപ്പം കിണറുകളും വറ്റിത്തുടങ്ങി. ഇടുക്കി അണക്കെട്ടിൽ 41.28% വെള്ളം മാത്രം. കെഎസ്ഇബിയുടെ 17 അണക്കെട്ടുകളിൽ പതിനൊന്നിലും ജലസേചന വകുപ്പിന്റെ 20 അണക്കെട്ടുകളിൽ പതിനാലിലും  പകുതിയിൽ താഴെ വെള്ളമേയുള്ളൂ. 

ആറുകൾ പലഭാഗത്തും വറ്റിവരണ്ടതോടെ ജല അതോറിറ്റിയുടെ ചില പമ്പിങ് സ്റ്റേഷനുകൾ പ്രവർത്തനം നിർത്തി. പെരിയാർ, ഭാരതപ്പുഴ, ചാലിയാർ എന്നിവയിൽ നീരൊഴുക്ക് വൻതോതിൽ കുറഞ്ഞു. പമ്പ, മണിമലയാർ, മീനച്ചിലാർ എന്നിവ കൂടുതൽ ഇടങ്ങളിലും വറ്റിക്കഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker