EntertainmentNationalNews

സഹോദരനെ’ പോലെ കൂടെയുണ്ടാകും; തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് കത്തുമായി വിജയ്

ചെന്നൈ: അണ്ണാ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ സ്വന്തം കൈപ്പടയില്‍ തമിഴ്‌നാട്ടിലെ സ്ത്രീകള്‍ക്ക് തുറന്ന കത്തെഴുതി തമിഴക വെട്രി കഴകം പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ തമിഴ് നടന്‍ വിജയ്. തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കാന്‍ ആരോട് ആവശ്യപ്പെടാനാകുമെന്ന് കത്തില്‍ വിജയ് ചോദിച്ചു.

സംസ്ഥാനത്തെ സ്ത്രീകള്‍ക്കൊപ്പം അവരുടെ ‘സഹോദരനെ’ പോലെ കൂടെയുണ്ടാകുമെന്നും ‘സുരക്ഷിത തമിഴ്‌നാട് സൃഷ്ടിക്കാന്‍’ ഒപ്പമുണ്ടാകുമെന്നും ‘തമിഴ്‌നാടിന്റെ സഹോദരിമാര്‍ക്ക്’ എന്ന് അഭിസംബോധന ചെയ്ത് കത്തില്‍ വിജയ് എഴുതി. പാര്‍ട്ടിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് താരം കത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തത്.

‘നിങ്ങളുടെ സുരക്ഷയെക്കുറിച്ച് ഞങ്ങള്‍ ആരെയാണ് ചോദ്യം ചെയ്യേണ്ടത്? നമ്മളെ ഭരിക്കുന്നവരോട് എത്ര ചോദിച്ചാലും അര്‍ത്ഥമില്ല. അതിനാണ് ഈ കത്തെന്നും വിജയ് കുറിച്ചു. എന്ത് സാഹചര്യം വന്നാലും ഒരു സഹോദരനായി അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അവരെ സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ‘ഒന്നിലും വിഷമിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സുരക്ഷിതമായ തമിഴ്‌നാട് സൃഷ്ടിക്കും. നമ്മള്‍ ഒരുമിച്ച് അത് ഉടന്‍ ഉറപ്പാക്കും-അദ്ദേഹം എഴുതി.

ക്രിസ്മസ് തലേന്ന് അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്തപ്പോഴും ഡിഎംകെ സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ഇതിനിടെ വനിതാ ഐ.പി.എസ്. ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker