മൂന്നുവര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവിനെ ഭാര്യ ‘കണ്ടെത്തിയത്’ ടിക് ടോക്കില്‍,പിന്നീട് നടന്നതിങ്ങനെ
ചെന്നൈ: സോഷ്യല്‍ മീഡിയയില്‍ വൈറലാവാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ വില്ലനാണ് ടിക് ടോക് ഇപ്പോള്‍. അഭ്യാസം നടത്തി കഴുത്തൊടിഞ്ഞവരുടെയും പുഴയില്‍ ചാടി മരണം വരിച്ചവരുടെയും വാര്‍ത്തകളാണ് വന്നുകൊണ്ടുമിരിയ്ക്കുന്നത്.
എന്നാല്‍ മൂന്നുവര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവിനെ കണ്ടെത്താനാണ് തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശിയായ ജയപ്രദയ്ക്ക് ടിക് ടോക് സഹായമായിരിയ്ക്കുന്നത്.2016 ല്‍ ജയപ്രദയെയും രണ്ടു മക്കളെയും ഉപക്ഷിച്ച് നാട് വിട്ട ഭര്‍ത്താവ് സുരേഷിനെയാണ് ഭാര്യയും മക്കളും ടിക് ടോക്കില്‍ കണ്ടത്.
ജോലിക്കായി വീട്ടില്‍ നിന്നും പോയ സുരേഷിനെ പിന്നീട് കാണാതാവുകയായിരുന്നു. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കിടയില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും അതും വഴിപാടായി.
ഇതിനിടയിലാണ് ജയപ്രദയുടെ ബന്ധു സുരേഷിനെ ടിക്ടോക്കില്‍ കണ്ടെത്തി ഭാര്യയെ വിവരമറിയിച്ചത്. ഒരു ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുമൊത്തുള്ള ടിക് ടോക്ക് വീഡിയോയിലാണ് സുരേഷ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ട്രാന്‍സ്ജെന്‍ഡര്‍മാരുടെ എന്‍.ജി.ഒയുടെ സഹായത്തോടെ ഇയാളെ കണ്ടെത്തുകയായിരുന്നു.
കുടുംബ പ്രശ്‌നങ്ങള തുടര്‍ന്നാണ് സുരേഷ് നാടുവിട്ടത്. ഹൊസുറില്‍ മെക്കാനിക്കായി ജോലി ചെയ്ത് വരികയായിരുന്നു. വീഡിയോയില്‍ കാണുന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുമായി ഇയാള്‍ സൗഹൃദത്തിലാവുകയും ഇവരോടൊപ്പം ടിക് ടോക്കില്‍ വീഡിയോ ചെയ്യുകയുമായിരുന്നു.പ്രശ്‌നത്തില്‍ പോലീസ് ഇടപെട്ട് കൗണ്‍സിലിംഗ് നടത്തിയതോടെ ഇയാള്‍ ഒടുവില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം മടങ്ങിയെത്താന്‍ തീരുമാനിച്ചു.