ഭാര്യയുമായി പണത്തെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് വീടിന് തീ വെച്ചു
കൊച്ചി: ഭാര്യയുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ഭര്‍ത്താവ് വീടിനു തീയിട്ടു. പുതുവൈപ്പ് പി.ജെ. പ്രിന്‍സസ് ഹോട്ടലിന് തെക്കുവശം വാടകയ്ക്കു താമസിക്കുന്ന ചെല്ലാനം കക്കടവ് വലിയകത്തില്‍ ജയപ്രകാശാണ് വീടിനു തീവെച്ച ശേഷം സ്ഥലത്തുനിന്നു കടന്നുകളഞ്ഞത്. തുടര്‍ന്ന് ഒളിവില്‍ പോയ ജയപ്രകാശിനെ ഞാറയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.
മേനാച്ചേരി ശാലിനി ഡോമനിക്കിന്റെ വീടാണ് ദമ്പതികള്‍ പണയത്തിന് എടുത്തിരുന്നത്. ഇത് ഈ മാസം 31ന് ഒഴിയേണ്ടതായിരിന്നു. മൂന്നരലക്ഷം രൂപ നല്‍കി ഒരു വര്‍ഷത്തേക്കാണ് പണയത്തിന് എടുത്തത്. കഴിഞ്ഞദിവസം ജയപ്രകാശിന്റെ ഭാര്യ സ്മിത ശാലിനിയില്‍ നിന്നും മൂന്നരലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഈ തുക തനിക്ക് തരണമെന്നാവശ്യപ്പെട്ടു ജയപ്രകാശ് ഭാര്യയുമായി വഴക്കിട്ടു. തുടര്‍ന്ന് സ്മിത ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി.
തന്നെ ഉപദ്രവിക്കുമെന്ന് ഭയമുണ്ടെന്നു പറഞ്ഞപ്പോള്‍ സ്മിതയോട് അയല്‍പക്കത്ത് താമസിക്കാന്‍ പോലീസ് നിര്‍ദേശിച്ചു. ഇതിനിടയിലാണ് ജയപ്രകാശ് വീടിന് തീവെച്ചത്. തീയില്‍ ജനല്‍ച്ചില്ലുകളെല്ലാം തകര്‍ന്നു. വിവരമറിഞ്ഞു പോലീസെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇവര്‍ക്ക് 13ഉം 10ഉം വയസുള്ള രണ്ട് ആണ്‍മക്കളുണ്ട്.