കൊച്ചി: ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
ആലുവ പുളിഞ്ചോട്ടെ ഫല്‍റ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വിജയനാണ് മരിച്ചത്. കടുത്ത പനിയും അസ്വസ്ഥകളും ഉണ്ടായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 9.15ഓടെയാണ് വിജയനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഇവിടെയെത്തിയപ്പോള്‍ കാഷ്വാലിറ്റിയില്‍ ചികിത്സ നല്‍കാതെ കൊവിഡ് വിഭാഗത്തിലേക്ക് അയക്കുകയായിരുന്നു.
പത്ത് മണിയോടെ നഴ്സുമാര്‍ പിപിഇ കിറ്റ് ധരിച്ചെത്തിയപ്പോഴേക്കും വിജയന്‍ ആംബുലന്‍സിനുള്ളില്‍ തന്നെ മരിച്ചിരുന്നു. ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ പോലും നല്‍കാന്‍ ആശുപത്രി ജീവനക്കാര്‍ കൂട്ടാക്കിയില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അടക്കം ആരോപിക്കുന്നു.