കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്ക്; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറും സിറ്റി പൊലീസ് കമ്മീഷണറും വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ഇന്ന് രാവിലെയാണ് കെഎസ്ആര്‍ടിസി ജീവനക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ആറ്റുകാലിലേക്ക് റൂട്ട് മാറി സര്‍വീസ് നടത്താന്‍ ശ്രമിച്ച സ്വകാര്യ ബസിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സ്വകാര്യ ബസിനെ തടഞ്ഞ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ സാം ലോപ്പസിന്റെ നേതൃത്വത്തിലുള്ള കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍, ബസില്‍ നിന്ന് യാത്രക്കാരെ ഇറക്കിയതോടെ, സ്വകാര്യ ബസ് ജീവനക്കാരും ഇവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
തുടര്‍ന്ന് യാത്രക്കാരെ ഇറക്കാന്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് പോലീസ് വ്യക്തമാക്കി രംഗത്തെത്തിയതോടെ വാക്കേറ്റം കൈയ്യാങ്കളിയില്‍ എത്തി. തുടര്‍ന്ന് ഡിടിഒയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. അംഗ പരിമിതനായ സ്വകാര്യ ബസ് ജീവനക്കാരനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിക്കുകയും അത് സംബന്ധിച്ച പരാതി ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഡിടിഒയെ അറസ്റ്റ് ചെയ്തതെന്നും പോലീസ് വിശദീകരിച്ചു. എന്നാല്‍ പൊലീസ് മര്‍ദനമേറ്റ കളക്ഷന്‍ ഇന്‍സ്പെക്ടര്‍ ശിവകുമാര്‍ ഇത് തള്ളി.
അറസ്റ്റില്‍ പ്രതിഷേധിച്ചാണ് കെഎസ്ആര്‍ടിസി സിറ്റി ഡിപ്പോ മിന്നല്‍ പണിമുടക്ക് നടത്തിയത്. ഡിടിഒയെ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ മുന്നില്‍ പ്രതിഷേധവുമായെത്തി. രണ്ട് സര്‍ക്കാര്‍ വകുപ്പുകള്‍ തെരുവില്‍ ഏറ്റുമുട്ടിയത് ജനങ്ങളെ വലച്ചതോടെ വിഷയത്തില്‍ ഗതാഗത മന്ത്രി ഇടപെടുകയായിരിന്നു.
അതേസമയം കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ബസ് കാത്തുനിന്ന യാത്രക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ (60) ആണ് മരിച്ചത്. കിഴക്കേക്കോട്ടയില്‍ വച്ചാണ് ഇയാള്‍ തളര്‍ന്നു വീണത്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുരേന്ദ്രന്റെ ജീവന്‍ രക്ഷിക്കാനായില്ല.