ഹരിപ്പാട് തെരുവുനായയുടെ ആക്രമണത്തില്‍ തനിച്ച് താമസിക്കുകയായിരുന്ന വയോധിക മരിച്ചു
ഹരിപ്പാട്: തെരുവുനായയുടെ കടിയേറ്റു തനിച്ചു താമസിക്കുകയായിരുന്ന വയോധികയ്ക്ക് ദാരുണാന്ത്യം. ഹരിപ്പാട് പിലാപ്പുഴ വടേകാട്ട് വീട്ടില്‍ പരേതനായ പരമേശ്വരന്‍ നായരുടെ ഭാര്യ രാജമ്മ (87)യാണു മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. രാത്രിയില്‍ രാജമ്മയ്ക്കു കൂട്ടുകിടക്കാറുള്ള അയല്‍ക്കാരി നളിനി വീട്ടിലെത്തി വാതിലില്‍ മുട്ടിയിട്ടും തുറക്കാതിരുന്നതോടെ സഹായത്തിന് മറ്റുള്ളവരെയും കൂട്ടി തെരഞ്ഞപ്പോഴാണു ബോധരഹിതയായ നിലയില്‍ രാജമ്മയെ കണ്ടെത്തിയത്.
തലയുടെ പിന്‍ഭാഗത്തും കൈയിലും ആഴത്തില്‍ മുറിവേറ്റിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പറമ്പില്‍ കൂട്ടിയിട്ടിരുന്ന കരിയിലയ്ക്കു തീയിടാന്‍ പോയപ്പോള്‍ നായ്ക്കള്‍ ആക്രമിച്ചതാണെന്നു കരുതുന്നു.
അയല്‍വീടുകള്‍ അല്‍പ്പമകലെയായതിനാല്‍ ആരും ശബ്ദമൊന്നും കേട്ടിരുന്നില്ല. ആരൂര്‍ എല്‍.പി. സ്‌കൂളിലെ ഹെഡ്മിസ്ട്രസായിരുന്നു. മക്കള്‍: ശ്രീകുമാര്‍, സന്ധ്യ, മിനി. മരുമക്കള്‍: ചന്ദ്രമോഹന ബാബു, മോഹന്‍ കുമാര്‍, അനിത. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.