BusinessNationalNews

‘പ്രതീക്ഷ നഷ്ടപ്പെട്ടു, ജയിലിൽ മരിക്കുന്നതാണ് ഭേദം’; കോടതിയിൽ കൂപ്പുകൈകളോടെകണ്ണീരണിഞ്ഞ് നരേഷ് ​ഗോയൽ

മുംബൈ: പ്രത്യേക കോടതിക്കുമുന്നില്‍ കണ്ണീരണിഞ്ഞ് വികാരാധീനനായി വായ്പാത്തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍. ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുവെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം ജയിലില്‍ മരിക്കുന്നതാണെന്നും ജാമ്യ ഹര്‍ജി പരിഗണിക്കവെ നരേഷ് ഗോയല്‍ പ്രത്യേക കോടതിയില്‍ പറഞ്ഞു. ജഡ്ജിക്കുമുന്നില്‍ കണ്ണീരണിഞ്ഞ് കൈകള്‍ കൂപ്പിയായിരുന്നു നരേഷ് ഗോയലിന്റെ വാക്കുകള്‍.

കാന്‍സര്‍ രോഗത്തിന് ചികിത്സയിലുള്ള ഭാര്യയെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് നരേഷ് ഗോയല്‍ പറഞ്ഞു. തന്റെ ആരോഗ്യനില വളരെ അപകടകരമാണ്. ഭാര്യയുടെയും ഏക മകളുടേയും അവസ്ഥയും മോശമാണ്. തന്നെ സഹായിക്കുന്നതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിമിതികളുണ്ട്. കാല്‍മുട്ടുകള്‍ക്ക് നീരുവെച്ചു. വേദനകൊണ്ട് മടക്കാന്‍ സാധിക്കുന്നില്ല.

മൂത്രമൊഴിക്കുമ്പോള്‍ കലശലായ വേദനയുണ്ട്. ചില സമയത്ത് മൂത്രത്തിനൊപ്പം രക്തവും പുറത്തുപോവുന്നു. ജെ.ജെ. ആശുപത്രിയിലേക്ക് തന്നെ മാറ്റിയതുകൊണ്ട് ഒരു കാര്യവുമില്ല. ജയില്‍ ഉദ്യോഗസ്ഥരുടെ ജോലി സൗകര്യം കണക്കിലെടുത്ത സഹതടവുകാര്‍ക്കൊപ്പമാണ് ആശുപത്രിയിലേക്കും തിരിച്ചും കൊണ്ടുപോകുന്നത്.

ഈ യാത്ര ബുദ്ധിമുട്ടുള്ളതും മടുപ്പിക്കുന്നതും സഹിക്കാന്‍ കഴിയാത്തതുമാണ്. ആശുപത്രിയില്‍ രോഗികളുടെ തിരക്കുകാരണം ആവശ്യമുള്ള സമയത്ത് ഡോക്ടറെ കാണാന്‍ സാധിക്കുന്നില്ല. ഇതെല്ലാം തന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ജെ.ജെ. ആശുപത്രിയിലേക്ക് അയക്കുന്നതിനേക്കാള്‍ ജയിലില്‍ മരിക്കുന്നതാണ് ഭേദമെന്നും നരേഷ് ഗോയല്‍ ജഡ്ജിക്കുമുമ്പാകെ പറഞ്ഞു.

കനറാ ബാങ്കുമായി ബന്ധപ്പെട്ട 538 കോടിയുടെ വായ്പാത്തട്ടിപ്പുകേസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന അദ്ദേഹം ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഹര്‍ജി പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി എം.ജി. ദേശ്പാണ്ഡെക്ക് മുമ്പാകെ ശനിയാഴ്ച നേരിട്ട് ഹാജരായാണ് നരേഷ് ഗോയല്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഗോയലിനെ താന്‍ സസൂക്ഷ്മം കേട്ടുവെന്നും സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ദേഹം മുഴുവന്‍ വിറയ്ക്കുന്നുണ്ടായിരുന്നെന്നും കോടതി രേഖകളില്‍ ജഡ്ജി കുറിച്ചു.

മാനസികമായും ശാരീരികമായും എല്ലാ തരത്തിലുമുള്ള ചികിത്സാ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് ഗോയലിനെ അറിയിച്ചതായി ജഡ്ജി അറിയിച്ചു. ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഗോയലിന്റെ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker