കിടപ്പറ രംഗം നീക്കം ചെയ്യണം; ഞാന്‍ അശ്ലീലമെഴുതാറില്ല!! മിര്‍സാപൂര്‍ 2 വിവാദത്തിൽ
ആമസോണ്‍ പ്രൈം വെബ് സീരീസായ മിര്‍സാപൂര്‍ 2 വിവാദത്തിൽ. ഹിന്ദി നോവലിസ്റ്റ് സുരേന്ദ്ര മോഹന്‍ പതക് ആണ് മിര്‍സാപൂറിനെതിരെ രംഗത്ത് എത്തിയത്. തന്റെ പുസ്തകത്തെ അശ്ലീലമായി ചിത്രീകരിച്ചു എന്ന് കാണിച്ചാണ് സുരേന്ദ്ര മോഹന്‍ പതക് വിമർശനം ഉന്നയിച്ചത്.
സീരിസിന്റെ മൂന്നാമത്തെ എപ്പിസോഡിലെ ഒരു കിടപ്പറ രംഗത്തില്‍ സുരേന്ദ്രയുടെ 2010ല്‍ പ്രസിദ്ധീകരിച്ച ധാബ എന്ന നോവല്‍ കാണിക്കുന്നുണ്ട്. നോവലിലുള്ള കാര്യങ്ങളല്ല സീനില്‍ വോയിസ് ഓവറായി നല്‍കിയിട്ടുള്ളത് എന്നാണ് സുരേന്ദ്രയുടെ ആരോപണം.
‘ചിത്രത്തിലെ കഥാപാത്രം വായിക്കുന്നതായി പറയുന്ന ഭാഗം പുസ്തകത്തിന്റെ ഒരു ഭാഗത്തുമില്ല. മാത്രവുമല്ല. ബല്‍ദേവ് രാജ എന്ന കഥാപാത്രം നോവലില്‍ ഇല്ല’- സുരേന്ദ്ര പറഞ്ഞു. പുസ്തകത്തിലുള്ളതായി വായിക്കുന്ന ഭാഗം തികച്ചും അശ്ലീലമാണെന്നും അദ്ദേഹം മിര്‍സാപൂര്‍ നിര്‍മ്മാതാക്കള്‍ക്ക് എഴുതിയ കത്തില്‍ ആരോപിച്ച എഴുത്തുകാരൻ പുസ്തകം തന്റെ അനുവാദമില്ലാതെ സീരിസില്‍ ഉപയോഗിച്ചത് കോപ്പി റൈറ്റ് ആക്ടിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. എത്രയും വേഗം ഈ രംഗം സീരീസില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ നിയമപരമായി നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.