KeralaNews

ലക്ഷദ്വീപില്‍ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി തള്ളി; ഇപ്പോഴുള്ളത് ഭരണപരിഷ്‌കാരങ്ങളുടെ കരട് മാത്രമെന്ന് ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കെ.പി.സി.സി സെക്രട്ടറി നൗഷാദ് അലി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ഭരണപരിഷ്‌കാര നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ മുരളി പുരുഷോത്തമന്‍, എസ്.വി ഭട്ടി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പൊതുതാത്പര്യ ഹര്‍ജി തള്ളിയത്. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങളും ഉത്തരവുകളും സംബന്ധിച്ച് കരട് മാത്രമാണ് ഇപ്പോഴുള്ളതെന്നും അത് നിയമമായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ മാത്രമേ തേടുന്നുള്ളൂ. ഈ ഘട്ടത്തില്‍ ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയതിന് ശേഷം മാത്രമേ പൊതുവായ നടപടിയിലേക്ക് കടക്കുകയുള്ളൂ എന്നാണ് ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ അറിയിച്ചിരുന്നത്. ഇത് കോടതി മുഖവിലയ്ക്കെടുക്കുകയായിരുന്നു. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങളെല്ലാം നിയമവിരുദ്ധമാണെന്ന ഹര്‍ജിയിലെ വാദവും നടപടികള്‍ ദ്വീപിന്റെ പാരമ്പര്യ തനിമയ്ക്കെതിരാണെന്ന വാദവും കോടതി തള്ളി.

ദ്വീപ് ഭരണകൂടം തയാറാക്കിയ കൊവിഡ് എസ്ഒപി (സ്റ്റാന്റേര്‍ഡ് ഓപറേറ്റിങ് പ്രൊസീജ്യര്‍), താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ്, ഡയറിഫാമുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം എന്നിവയ്ക്കെല്ലാം എതിരായി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker