സര്‍ക്കാരിന് തിരിച്ചടി; ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ
കൊച്ചി: കൊവിഡ് വൈറസ് ബാധയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണ്. സാമ്പത്തിക ബുദ്ധിമുട്ട് ശമ്പളം നീട്ടിവയ്ക്കുന്നതിന് കാരണമല്ലെന്നും കോടതി വിലയിരുത്തി.
രണ്ടു മാസത്തേക്കാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തത്. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ശമ്പളം പിടിക്കാന്‍ അധികാരം ഉണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവില്‍ ഏറെ അവ്യക്ത ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി എന്നു മാത്രമാണ് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
പിടിച്ചെടുക്കുന്ന പണം കൊവിഡ് പ്രതിരോധത്തിനാണോ വിനിയോഗിക്കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, പ്രതിസന്ധി ഘട്ടത്തില്‍ നിശ്ചിത സമയത്തിനകം ശമ്പളം നല്‍കണമെന്ന് ചട്ടമില്ലെന്നും മാറ്റിവയ്ക്കാമെന്നുമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.
സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരേ സര്‍ക്കാരിന് മേല്‍ക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസ് മേയ് 20 ലേക്ക് മാറ്റുകയും ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആറു ദിവസത്തെ വീതം ശമ്പളം അഞ്ചു മാസത്തേക്കു പിടിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.