കൊച്ചി: കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കമറുദ്ദീന് ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാം. ഇത് സംബന്ധിച്ച് ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ജ്വല്ലറിയുടെ ദൈനം ദിന പ്രവര്‍ത്തങ്ങളെ സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് ജാമ്യ ഹര്‍ജിയില്‍ എംഎല്‍എ ചൂണ്ടിക്കാട്ടിയത്. ബിസിനസ് പരാജയപ്പെട്ടത് മൂലമുണ്ടായ പ്രശ്നങ്ങളാണ് നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതില്‍ വീഴ്ച വരാന്‍ കാരണം. ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും കമറുദ്ദീന്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ഈ വാദങ്ങള്‍ അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ആരോഗ്യ പ്രശ്‌നമുണ്ടെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാമെന്നാണ് കോടതി അറിയിച്ചത്. നേരത്തെ കീഴ്ക്കോടതി കമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കമറുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചത്.