സ്വകാര്യവ്യക്തികള്‍ക്ക് സ്വന്തം നഗ്ന ചിത്രങ്ങള്‍ കൈവശം വയ്ക്കാം,വില്‍ക്കുകയോ പ്രചരിപ്പിയ്ക്കുകയോ ചെയ്താല്‍ കുറ്റകരം:ഹൈക്കോടതി
കൊച്ചി:സ്വകാര്യവ്യക്തികള്‍ സ്വന്തം നഗ്നചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കൈവശം വെയ്ക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി.എന്നാല്‍ ഇവ വില്‍ക്കുന്നതും പ്രചരിപ്പിയ്ക്കുന്നതും കുറ്റകരമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കൊല്ലം സ്വദേശിയായ യുവാവിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 2008 ല്‍ കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലാണ് ഉത്തരവിലേക്ക് നയിച്ച സംഭവമുണ്ടായത്.സ്റ്റാന്റില്‍ ബസ് കാത്തുനിന്ന യുവാവിനെയും യുവതിയെയും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കി. ഇവരുടെ ബാഗിനുള്ളിലെ ഡിജിറ്റല്‍ ക്യാമറയില്‍ നിന്നും പോലീസ് യുവതിയുടെ നഗ്നചിത്രങ്ങള്‍ കണ്ടെത്തിയ തുടര്‍ന്ന് യുവാവിനെയും യുവതിയെയും പ്രതികളാക്കി പോലീസ് കേസെടുത്തു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയിലെത്തിയത്.യുവാവ് തന്റെ പങ്കാളിയാണെന്നും തന്റെ സമ്മതത്തോടെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും യുവതി കോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ പ്രചരിപ്പിയ്ക്കുകയോ വില്‍ക്കുകയോ ചെയ്തില്ലെന്ന് കോടതിയും വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരായ കേസ് കോടതി റദ്ദാക്കുകയും ചെയ്തു.