വയനാട്: പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് സംഭവം നടന്ന സ്‌കൂളില്‍ ജില്ലാ ജഡ്ജി എ.ഹാരിസ് നേരിട്ടെത്തി പരിശോധന നടത്തി. ജില്ലാ ലീഗല്‍ സര്‍വീസ് ചെയര്‍പേഴ്‌സണും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. സംഭവം നടന്ന ക്ലാസ് റൂമും സ്‌കൂളിന്റെ മറ്റ് പരിസരങ്ങളും ജില്ലാ ജഡ്ജി സന്ദര്‍ശിച്ചു. സംഭവത്തേക്കുറിച്ച് ഹൈക്കോടതി ജഡ്ജി തന്നെ വിളിച്ച് ചോദിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ നേരിട്ടെത്തിയതെന്നും ജില്ലാ ജഡ്ജി പറഞ്ഞു.
സ്‌കൂളിലെത്തിയ പ്രധാന അധ്യാപകന്‍ ഉള്‍പ്പടെയുള്ളവരെ ജഡ്ജി വിമര്‍ശിക്കുകയും ചെയ്തു. സ്‌കൂളിലെ മുഴുവന്‍ അധ്യാപകരോടും എത്താന്‍ പറഞ്ഞിരുന്നതാണല്ലോ എന്നും എന്തു കൊണ്ടെത്തിയില്ല എന്നും അദ്ദേഹം ആരാഞ്ഞു. ഒരു കുട്ടിയുടെ മരണം എന്ന രീതിയില്‍ കാണാതെ സ്വന്തം കുട്ടിക്കുണ്ടായ ദുരവസ്ഥ എന്ന് കാണാന്‍ അധ്യാപകര്‍ക്കാകണം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം വയനാട് കളക്ട്രേറ്റില്‍ ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.