കൊച്ചി: പാലാരിവട്ടം പാലം പഞ്ചവടിപ്പാലംപോലെ ആയല്ലോയെന്ന് ഹൈക്കോടതി. ക്രമക്കേടിന് ആരാണ് ഉത്തരവാദി. സിനിമാ കഥ യാഥാര്‍ഥ്യമാകുകയാണോയെന്നും കോടതി ചോദിച്ചു. പാലം നിര്‍മ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്.
പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് ടി.ഒ സൂരജ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കരാറിന് വിരുദ്ധമായി 8 കോടി 25 ലക്ഷം രൂപ ആര്‍.ഡി.എസ് കമ്പനിക്ക് നല്‍കിയെന്നത് ശരിയാണ്. എന്നാല്‍ ഇത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ രേഖാമൂലമുള്ള ഉത്തരവ് പ്രകാരമാണെന്നും സൂരജ് വ്യക്തമാക്കി. കരാറുകാരന് പണം നല്‍കിയതിനാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ നടപടികളെല്ലാം മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് വ്യക്തമാക്കുന്നതാണ് സൂരജിന്റെ വെളിപ്പെടുത്തല്‍. പൊതുമരാമത്ത് മുന്‍ സെക്രട്ടറിയായ സൂരജ് കഴിഞ്ഞ 19 ദിവസമായി റിമാന്‍ഡിലാണ്.